ബിഗ് ബോസ് മലയാളം സീസണ്‍ 7 ഏഴാം വാരത്തിലേക്ക് കടക്കുമ്പോള്‍ നെവിനെതിരെ ആരോപണവുമായി ഷാനവാസ്. പിന്തുണച്ച് ആദില

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആഴ്ചകള്‍ മുന്നോട്ട് പോകുന്തോറും ബിഗ് ബോസ് ഹൗസ് കൂടുതല്‍ സംഘര്‍ഷഭരിതമായി മാറിയിട്ടുണ്ട്. ഇന്ന് നടന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് നോമിനേഷനിടെ നെവിനെതിരെ ഷാനവാസും ആദിലയും ഉയര്‍ത്തിയ ആരോപണങ്ങളും നെവിന്‍റെ പ്രതികരണവും നെവിനെ പിന്തുണച്ചുകൊണ്ട് എത്തിയ അഭിലാഷിന്‍റെ വാക്കുകളും ഒക്കെ ആയിരുന്നു. ഓപണും അല്ലാതയുമായി തരംതിരിച്ച് ബിഗ് ബോസ് നടത്തിയ ഈ വാരത്തിലെ നോമിനേഷന്‍ ഓപണ്‍ നോമിനേഷന്‍ ആണ് ഈ നാല് പേരും ചെയ്തത്.

നെവിനില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഷാനവാസിന്‍റെ ആരോപണം. ഒരുപാട് തവണ ദ്വയാര്‍ഥം കലര്‍ത്തി സംസാരിച്ചിട്ടുണ്ടെന്നും സ്വന്തം ശരീരത്തില്‍ തനിക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ സ്പര്‍ശിച്ചിട്ടിണ്ടെന്നും വിലക്കിയിരുന്നെങ്കിലും പിന്നീടും അത് ആവര്‍ത്തിച്ചുവെന്നുമായിരുന്നു ഷാനവാസിന്‍റെ ആരോപണം. ആദിലയുടെ ഒരു നോമിനേഷനും നെവിന്‍ ആയിരുന്നു. ഒരു കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് താനും നൂറയുമൊക്കെ എത്തിയിരിക്കുന്നതെന്നും മറ്റുള്ളവരെപ്പോലെ തന്നെയാണ് തങ്ങള്‍ എന്ന് സമൂഹത്തെ അറിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെവിന്‍ അതിന് തടസ്സമാകുമോയെന്ന് സംശയമുണ്ടെന്നുമാണ് ആദില പറഞ്ഞത്.

ആരോപണങ്ങളോട് ശക്തമായ ഭാഷയില്‍ തന്നെയാണ് നെവിന്‍ പ്രതികരിച്ചത്. ഒരു അച്ഛന്‍ മകനെ സ്നേഹത്തോടെ സ്പര്‍ശിക്കുന്നതിനെപ്പോലും മറ്റൊരു രീതിയില്‍ വേണമെങ്കില്‍ വ്യാഖ്യാനിക്കാനാവുമെന്നായിരുന്നു നെവിന്‍റെ പ്രതികരണം. സീരിയലില്‍ താന്‍ അവതരിപ്പിച്ച് വിജയിച്ച കഥാപാത്രത്തെത്തന്നെയാണ് ഷാനവാസ് ഇവിടെയും അനുകരിക്കാന്‍ ശ്രമിക്കുന്നതെന്നും പുരോഗമനപരമല്ല ഷാനവാസിന്‍റെ നിലപാടെന്നും നെവിന്‍ പറഞ്ഞു.

നെവിന് വലിയ പിന്തുണയുമായാണ് അഭിലാഷ് സംസാരിച്ചത്. നെവിന്‍ ക്വിറ്റ് ചെയ്ത സമയത്ത് തന്‍റെ ഒരു കോമ്പോ പോയി എന്ന് പറഞ്ഞ് ഏറ്റവും വിഷമിച്ച ആള്‍ ഷാനവാസ് ആയിരുന്നുവെന്നും അങ്ങനെ തന്നോട് പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. പുതിയ സാഹചര്യം ഉപയോഗപ്പെടുത്താനായി നെവിനെതിരെ ആരോപണം ഉയര്‍ത്തുകയാണെന്നും അങ്ങനെ വ്യക്തിഹത്യ നടത്താന്‍ അനുവദിക്കില്ലെന്നും അഭിലാഷ് പറ‍ഞ്ഞു. ആരോപണങ്ങള്‍ കേട്ടതിന് ശേഷം കരയുന്ന നെവിനെയും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ നെവിന്‍റെ വൈകാരിക പ്രതികരണം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ജിഷിന്‍ അടക്കമുള്ള ചിലരുടെ പ്രതികരണം. നെവിനെ ആശ്വസിപ്പിക്കുന്ന ലക്ഷ്മിയെയും പ്രേക്ഷകര്‍ കണ്ടു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming