മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 38-ാം പിറന്നാൾ ആഘോഷം കഴിഞ്ഞദിവസം അതി​ഗംഭീരമായി നടന്നു. സിനിമാലോകത്തുള്ളവരും ആരാധകരും താരത്തിന് ആശംസകള്‍ നേർന്ന് രം​ഗത്തെത്തി. സുഹൃത്തും ഭർത്താവുമായ ഡാനിയല്‍ വെബറിന്റെ മനോഹരമായ പിറന്നാള്‍ സന്ദേശം ആരാധകരുടെ കയ്യടി നേടി. എന്നാൽ പിറന്നാൾ ദിനത്തിൽ വളരെ വൈകിയാണ് താരത്തെ തേടി പ്രത്യേക സന്ദേശമെത്തിയത്. ആരാണ് അയച്ചതെന്നല്ലേ? ബോളിവുഡിന്റെ സൂപ്പർ താരം ആമിർ ഖാനാണ് സണ്ണിക്ക് പിറന്നാൾ സന്ദേശവുമായെത്തിയത്. 
 
'പ്രിയപ്പെട്ട സണ്ണി ലിയോൺ. നിങ്ങള്‍ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. നിങ്ങൾക്ക് ഒരു നല്ല ദിവസമാണിതെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ട് നല്ല വർഷമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ പ്രത്യേക ദിവസം വളരെ സന്തോഷകരമായിരിക്കട്ടെ', ആമിര്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് ആമിര്‍ സണ്ണിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നത്. എന്നാല്‍ ആമിറിന്റെ ട്വീറ്റിന് സണ്ണി ഇതുവരെ മറുപടി നൽകിയിട്ടില്ല.

2016-ലാണ് ആമിർ ഖാൻ ആദ്യമായി സണ്ണി ലിയോണിന് സന്ദേശമയക്കുന്നത്. ഒരു അഭിമുഖത്തിൽ താരം നൽകിയ മറുപടിയെ പ്രശംസിച്ചായിരുന്നു അന്ന് ആമിർ ഖാൻ സണ്ണിക്ക് സന്ദേശമയച്ചത്. മുൻവിധിക്കും സെക്സിയസ്റ്റ് പരാമർശങ്ങൾക്കും സണ്ണി നൽകിയ മറുപടിയായിരുന്നു ആമിറിന്റെ പ്രശംസയ്ക്ക് സണ്ണിയെ അർഹയാക്കിയത്. ഇത്കൂടാതെ 2015-ൽ ആമിർ ഖാന്റെ ചിത്രത്തിന് സണ്ണി ഇട്ട കമന്റ്   വളരെയധികം ചർച്ചചെയ്യപ്പെട്ടിരുന്നു. 

നിങ്ങൾ ഇപ്പോഴും വളരെ ഹോട്ടായിരിക്കുന്നു എന്നായിരുന്നു സണ്ണിയുടെ കമന്റ്. സൂപ്പർഹിറ്റ് ചിത്രമായ ദം​ഗലിനുവേണ്ടി 95 കിലോ ശരീരഭാരവുമായി നിൽക്കുന്ന ചിത്രമായിരുന്നു ആമിർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. താൻ ആമിർ ഖാന്റെ കടുത്ത ആരാധികയാണെന്ന് സണ്ണി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഒരവസരം ലഭിച്ചാൽ താനായിരിക്കും ഈ ലോകത്തിലെ ഏറ്റവും ഭാ​ഗ്യവതിയായ പെൺകുട്ടിയെന്നും സണ്ണി ലിയോൺ പറഞ്ഞിരുന്നു.