പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാനുമെന്ന് റിപ്പോര്‍ട്ട്.

'കെജിഎഫ്' എന്ന ചിത്രത്തിന്റെ വിജയത്തോടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്ഷിച്ച സവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്നുവെന്ന പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരും ഒരു പാൻ ഇന്ത്യൻ ചിത്രത്തിനായിട്ടാണ് ഒന്നിക്കുന്നത്. ബോളിവുഡ് നടൻ ആമിര്‍ ഖാനും ചിത്രത്തിലുണ്ടായേക്കുമെന്നാണ് പുതിയ വാര്‍ത്ത.

ചിത്രം 2023ല്‍ ചിത്രീകരണം ആരംഭിക്കും. ആമിര്‍ ഖാന് ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആര്‍ ആദ്യമായിട്ടാണ് നായകനാകുന്നത്. ഓര്‍ക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തില്‍ കുതിര്‍ന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രമേയം എന്തായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 'സലാര്‍' എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'സലാറി'ല്‍ പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജൂനിയര്‍ എൻടിആര്‍ വൈകാതെ അഭിനയിച്ചു തുടങ്ങുക. 'എൻടിആര്‍ 30' എന്ന് വിളിപ്പേരുള്ള ചിത്രം ഫെബ്രുവരിയിലാണ് തുടങ്ങുക. രത്നവേലു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാബു സിറില്‍ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിംഗും നിര്‍വഹിക്കുന്നു. കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരൻ- ജൂനിയര്‍ എൻടിആര്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More: 'ചോദിക്കേണ്ടത് അയാളോട് ഞാൻ ചോദിച്ചോളാം', ആകാംക്ഷ വര്‍ദ്ധിപ്പിച്ച് 'എലോണ്‍' ട്രെയിലര്‍