Asianet News MalayalamAsianet News Malayalam

'ആണ്ടാള്‍' ധാക്ക ചലച്ചിത്രോത്സവത്തിലേക്ക്; ശ്രീലങ്കന്‍ തമിഴരുടെ സ്വത്വപ്രതിസന്ധി വിഷയമാക്കുന്ന ചിത്രം

2018ലെ സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച സിനിമയ്ക്കുള്ള അവര്‍ഡ് കരസ്ഥമാക്കിയ 'കാന്തന്‍ ദ ലവര്‍ ഓഫ് കളറി'ന്‍റെ അണിയറ പ്രവര്‍ത്തകരുടെ രണ്ടാമത്തെ സിനിമ

aandal selected to the world cinema section of dhaka international film festival
Author
Thiruvananthapuram, First Published Sep 27, 2021, 11:17 AM IST

ഇന്ത്യയിലെ ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന പ്രശ്‍നങ്ങള്‍ വിഷയമാക്കുന്ന മലയാളചിത്രം 'ആണ്ടാള്‍' (Aandal) ധാക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് (Dhaka International Film Festival) തെരഞ്ഞെടുക്കപ്പെട്ടു. 20-ാമത് ധാക്ക ഫിലിം ഫെസ്റ്റിവലിലെ ലോക സിനിമാ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇര്‍ഷാദ് അലി (Irshad Ali), അഭിജ (Abhija), ധന്യ അനന്യ (Dhanya Ananya), സാദ്ദിഖ് (Sadiq) തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും വേഷമിടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഷെറീഫ് ഈസയാണ് (Shareef Easa).

1800കളില്‍ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ലെ ശാസ്ത്രി-സിരിമാവോ ഉടമ്പടി പ്രകാരം മൂന്ന് തലമുറയ്ക്കു ശേഷം കൈമാറ്റം ചെയ്തു. നെല്ലിയാമ്പതി, ഗവി, കുളത്തൂപ്പുഴ, രാമേശ്വരം എന്നിവിടങ്ങളിലാണ് അവരെ കൂട്ടത്തോടെ പുനരധിവസിപ്പിച്ചത്. കാടിനോടും പ്രതികൂല ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനകള്‍ക്കപ്പുറം സ്വത്വ പ്രതിസന്ധി അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍ടിടിഇയും രാജീവ് ഗാന്ധി വധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകമെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്‍റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴ് ജീവിതത്തെ ബാധിക്കുന്നുവെന്നും ചിത്രം അന്വേഷിക്കുന്നു. 

2018ലെ സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച സിനിമയ്ക്കുള്ള അവര്‍ഡ് കരസ്ഥമാക്കിയ 'കാന്തന്‍ ദ ലവര്‍ ഓഫ് കളറി'ന്‍റെ അണിയറ പ്രവര്‍ത്തകരുടെ രണ്ടാമത്തെ സിനിമയാണ് ആണ്ടാള്‍. ഹാര്‍ട്ടിക്രാഫ്റ്റ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വര്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രമോദ് കൂവേരി രചന നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം പ്രിയന്‍, എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍ വിനു കാവനാട്ട്, നിശാന്ത് എ വി, സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റിംഗ് പ്രശോഭ്, സൗണ്ട് ഡിസൈൻ എം ഷൈജു. 2022 ജനുവരിയിലാണ് ധാക്ക ചലച്ചിത്ര മേള.

Follow Us:
Download App:
  • android
  • ios