സൈജു കുറുപ്പാണ് ചിത്രത്തില്‍ നായകനായെത്തിയത്.
സെപ്റ്റംബർ 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ആരം’ മികച്ച പ്രതികരണവുമായി മുന്നേറുന്നു. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവതരണവും അപ്രതീക്ഷിത വഴിത്തിരിവുകളും ശ്രദ്ധ നേടുകയാണ്.
ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിനൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്ന കഥപറച്ചിലും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ക്ലൈമാക്സും ചിത്രത്തെ ആദ്യാവസാനം ആകാംക്ഷയോടെ കാണാൻ സഹായിക്കുന്നുവെന്നാണ് നിരൂപണത്തിൽ പറയുന്നത്. അനാവശ്യ രംഗങ്ങളിലേക്ക് നീങ്ങാതെ കഥയുടെ സംഘർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവതരണവും പ്രശംസിക്കപ്പെടുന്നു.
പോലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പ് അവതരിപ്പിച്ച സ്വാഭാവിക പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അദ്ദേഹം വൈകാരികമായ ആഴം നൽകുന്നു. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുന്നു.
വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ത്രില്ലറിന്റെ അന്തരീക്ഷത്തിന് കരുത്തേകുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് വിതരണം.‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.
