Asianet News MalayalamAsianet News Malayalam

'പ്രീസ്റ്റി'നു പിന്നാലെ 'ആര്‍ക്കറിയാം'; ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്

aarkkariyam television premiere on asianet
Author
Thiruvananthapuram, First Published Jun 6, 2021, 5:20 PM IST

ഏറ്റവും പുതിയ ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ ടെലിവിഷന്‍ പ്രീമിയറുകള്‍ ഏഷ്യാനെറ്റില്‍ തുടരുന്നു. ദൃശ്യം 2, ഖൊ ഖൊ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി അടുത്തതായി ഏഷ്യാനെറ്റില്‍ പ്രദര്‍ശനത്തിന് എത്തുന്നത് ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ സംവിധാന അരങ്ങേറ്റമായ 'ആര്‍ക്കറിയാം' ആണ്. ഈ മാസം 11ന് (വെള്ളിയാഴ്ച) വൈകിട്ട് 7നാണ് പ്രദര്‍ശനം. 

ലോക്ക് ഡൗണിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ഏപ്രില്‍ ഒന്നിന് എത്തിയ ചിത്രത്തിന് അക്കാരണത്താല്‍ തന്നെ അധികം കാണികളെ നേടാനായിരുന്നില്ല. അതേസമയം ചിത്രം കണ്ടവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് അഭിപ്രായങ്ങളും പങ്കുവച്ചിരുന്നു. പക്ഷേ മൗത്ത് പബ്ലിസിറ്റി പ്രയോജനപ്പെടുത്താന്‍ കൊവിഡ് സാഹചര്യത്താല്‍ ചിത്രത്തിന് ആയില്ല. എന്നാല്‍ പിന്നീട് ചിത്രം ഒടിടി റിലീസ് ആയി എത്തിയിരുന്നു. ആമസോൺ പ്രൈം, നീസ്ട്രീം, കേവ്, റൂട്ട്സ്, ഫില്‍മി, ഫസ്റ്റ് ഷോസ് എന്നിങ്ങനെ ആറ് പ്ലാറ്റ്ഫോമുകളില്‍ ഒരേദിവസമാണ് ചിത്രം ഒടിടി റിലീസ് ചെയ്യപ്പെട്ടത്. മെയ് 19നായിരുന്നു ഒടിടി റിലീസ്.

പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ച. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios