സിനിമാപ്രേമികളില്‍ കൗതുകമുണര്‍ത്തിയ പ്രഖ്യാപനമായിരുന്നു ആഷിഖ് അബു നിര്‍മ്മിച്ച് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗര്‍. കരിയറില്‍ ഒന്‍പത് സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുള്ള ആഷിഖ് ഒരു സിനിമയ്ക്ക് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു എന്നതായിരുന്നു ഈ കൗതുകത്തിന് കാരണം. എന്നാല്‍ തനിക്ക് ഏറെക്കാലമായി ആഗ്രഹമുണ്ടായിരുന്ന കാര്യമായിരുന്നു ക്യാമറ കൈകാര്യം ചെയ്യലെന്ന് പറയുന്നു ആഷിഖ്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് ഇതേക്കുറിച്ചു പറയുന്നത്.

"ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുപാടു കാലമായി ആഗ്രഹിക്കുന്നു. ശ്യാം പുഷ്‍കരന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കാമെന്നും കരുതിയിരുന്നു. അതിന് ഇനിയും സമയമെടുത്തേക്കും. അതിനാല്‍ ഈ പ്രതിസന്ധിയുടെ സമയത്ത് ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി", ആഷിഖ് അബു പറയുന്നു.

മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ തിരക്കഥാകൃത്താണ് ഹാഗര്‍ സംവിധാനം ചെയ്യുന്ന ഹര്‍ഷദ്. റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിഖും റിമയും ചേര്‍ന്നാണ് നിര്‍മ്മാണം. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം യാക്സന്‍ ഗാരി പെരേര, നേഹ നായര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പു.