മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആഷിഖ് ആദ്യമായി ഛായാഗ്രാഹകനാവുന്നത്.

സംവിധായകന്‍ ആഷിഖ് അബു സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആഷിഖ് ആദ്യമായി ഛായാഗ്രാഹകനാവുന്നത്. 'ഹാഗര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ്.

ഓപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിഖും റിമയുമാണ് നിര്‍മ്മാണവും. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം യാക്സന്‍ ഗാരി പെരേര, നേഹ നായര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പു. 

ആഷിഖ് അബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍ പലര്‍ക്കും അത് കൗതുകമുളവാക്കുന്ന വാര്‍ത്ത ആയിരിക്കാമെങ്കിലും സിനിമയിലെ സുഹൃത്തുക്കളെ സംബന്ധിച്ച് അങ്ങനെയല്ല. ഛായാഗ്രഹണകലയില്‍ ഔപചാരിക പഠനം നടത്തിയിട്ടുള്ള ആഷിഖ് സുഹൃത്തുക്കളായ ഛായാഗ്രാഹകര്‍ക്കൊപ്പം പ്രവര്‍ത്തനപരിചയം നേടിയിട്ടുമുണ്ട്. 

പുതിയ സിനിമയെക്കുറിച്ച് ആഷിഖ് അബു

പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ " കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജൂലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

* ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.

സ്നേഹപൂർവ്വം
ഒ പി എം സിനിമാസിന് വേണ്ടി

ആഷിഖ് അബു.