ഞായറാഴ്ചയായ ഇന്ന് മികച്ച സ്ക്രീന്‍ കൌണ്ട്

മലയാളത്തിലെ സമീപകാല വിജയ ചിത്രങ്ങളില്‍ ഏറ്റവും ചെറിയ ഒടിടി വിന്‍ഡോ ലഭിച്ചത് ആവേശത്തിനാണ്. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനുമൊക്കെ തിയറ്റര്‍ റണ്ണിന് ആവശ്യത്തിന് സമയം ലഭിച്ചപ്പോള്‍ ആവേശത്തിന് ലഭിച്ചത് 28 ദിവസത്തെ വിന്‍ഡോ മാത്രമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന്‍റെയും പ്രേമലുവിന്‍റെയും കാര്യത്തില്‍ നിന്ന് വിഭിന്നമായി ആവേശത്തിന്‍റെ ഒടിടി ഡീല്‍ റിലീസിന് മുന്‍പുതന്നെ നടന്നതാണ് ഇതിന് കാരണം. മെയ് 9 നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഇപ്പോഴിതാ ഒരു കാര്യത്തില്‍ ചിത്രം അമ്പരപ്പിക്കുകയാണ്.

എത്ര വലിയ മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണെങ്കിലും ഒടിടിയില്‍ എത്തിയാല്‍ ആ സിനിമയ്ക്ക് പിന്നീട് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കാര്യമായി എത്താറില്ല. അതിനാല്‍ത്തന്നെ ഷോ കൌണ്ടും കാര്യമായി കുറയാറുണ്ട്. പല ചിത്രങ്ങളും തിയറ്ററുകളില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാല്‍ ആവേശം ഇക്കാര്യത്തില്‍ അമ്പരപ്പിക്കുകയാണ്. ഒടിടിക്ക് ശേഷം തിയറ്റര്‍ വിട്ടില്ലെന്ന് മാത്രമല്ല, മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്.

കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ഇതുതന്നെ സ്ഥിതി. ഞായറാഴ്ചയായ ഇന്ന് കൊച്ചിയിലും ചെന്നൈയിലും ചിത്രത്തിന് മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ട്. നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകളും. എന്നാല്‍ സ്ക്രീന്‍ കൌണ്ട് ഇവിടങ്ങളേക്കാളൊക്കെ കൂടുതല്‍‌ ബംഗളൂരുവിലാണ്. ഇന്ന് 47 ഷോകളാണ് ചിത്രത്തിന് ബംഗളൂരുവില്‍. അതേസമയം ഒടിടിയിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയും ഫഹദ് ഫാസിലാണ് നായകന്‍ എന്നതും ആവേശത്തിന് ലഭിക്കുന്ന കൈയടികളില്‍ പ്രതിഫലിക്കുന്നുണ്ട്. ഡബ്ബിംഗ് പതിപ്പുകള്‍ ഇറക്കാമായിരുന്ന ചിത്രമെന്നാണ് ഇതരഭാഷകളിലെ ട്രേഡ് അനലിസ്റ്റുകള്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. 

ALSO READ : കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം