ഷോ അന്തിമഘട്ടത്തിലേത്ത് പ്രവേശിക്കുന്ന സമയത്ത് ശരണ്യ എന്തുകൊണ്ടാണ് പുറത്താവുന്നത്? കാരണങ്ങള്‍

പുറത്തെ ജനപ്രീതി ബിഗ് ബോസില്‍ മുന്നോട്ട് പോകാന്‍ മത്സരാര്‍ഥികള്‍ക്ക് വലിയ താങ്ങൊന്നും നല്‍കില്ല. ബിഗ് ബോസിലൂടെ മാത്രം മലയാളികള്‍ ആദ്യമായി കണ്ടറിഞ്ഞ പല മത്സരാര്‍ഥികളും മുന്‍ സീസണുകളില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുമുണ്ട്. അത് വേറൊരു ലോകമാണ്. സിനിമകളിലോ സീരിയലുകളിലോ ഒക്കെ അഭിനയിച്ച് താരപരിവേഷത്തില്‍ നില്‍ക്കുന്നവര്‍ വ്യക്തികളെന്ന നിലയില്‍ ആരാണെന്നാണ് ബിഗ് ബോസ് ഷോയിലൂടെ അനാവൃതമാവുന്നത്. അതില്‍ മുന്നേറാന്‍ പുറത്തെ ഇമേജ് അവരെ തുണയ്ക്കില്ല. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ന് പുറത്തായിരിക്കുന്ന ശരണ്യ. ഷോ അന്തിമഘട്ടത്തിലേത്ത് പ്രവേശിക്കുന്ന സമയത്ത് ശരണ്യ എന്തുകൊണ്ടാണ് പുറത്താവുന്നത്? കാരണങ്ങള്‍ നോക്കാം.

1. പുറത്തുണ്ടായിരുന്ന ജനപ്രീതിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ല എന്നതുതന്നെയാണ് പ്രധാന കാരണം. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശരണ്യ. വ്യക്തി എന്ന നിലയില്‍ ശരണ്യ ആനന്ദ് എങ്ങനെയുള്ള ആളാണെന്ന് അറിയാനുള്ള കൌതുകം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സീസണ്‍ ലോഞ്ച് സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ സീസണ്‍ 6 വാരങ്ങള്‍ പിന്നിട്ടപ്പോള്‍ ആ പ്രതീക്ഷ നിരീശയിലേക്കാണ് നീങ്ങിയത്. വോട്ടിംഗിലൂടെ നേരത്തേതന്നെ പുറത്താവേണ്ട ആളായിരുന്നു ശരണ്യ. ഭാഗ്യം കൊണ്ടാണ് വീണ്ടും നില്‍ക്കാന്‍ അവസരം ലഭിച്ചത്.

2. ബിഗ് ബോസ് എന്താണെന്ന് മനസിലാക്കാനായില്ല. ബിഗ് ബോസ് നല്‍കുന്ന ടാസ്കുകളും ഗെയിമുകളുമൊക്കെ അതിന്‍റെ പൂര്‍ണ്ണ സാധ്യതകളില്‍ ഈ സീസണിലെ ഒരു മത്സരാര്‍‌ഥിയും കളിച്ചിട്ടില്ല. കളിനിയമങ്ങള്‍ മനസിലാക്കുന്നതിലും അത് കൃത്യമായി പ്രയോഗിക്കുന്നതിലുമൊക്കെ എപ്പോഴും പിന്നിലായിരുന്നു ശരണ്യ. ബിഗ് ബോസിന്‍റെ ക്ലാസിക് ഗെയിമുകളിലൊന്നായ ചൈനീസ് വിസ്പേഴ്സ് ഉദാഹരണമായി എടുക്കാം. മത്സരാര്‍ഥികളില്‍ ഒരാളോട് ബിഗ് ബോസ് രഹസ്യമായി പറഞ്ഞുകൊടുക്കുന്ന കഥ ഓരോരുത്തരായി കൈമാറി അവസാനത്തെയാള്‍ പരസ്യമായി പറയുന്ന ഗെയിം ആണിത്. കഥ ഏറ്റവും ട്വിസ്റ്റ് ചെയ്യപ്പെട്ടത് അത് ശരണ്യയുടെ കൈയില്‍ എത്തിയപ്പോഴായിരുന്നു. ശരണ്യ കരുതിയത് താന്‍ കേട്ടതിന്‍റെ ബാക്കി ഉണ്ടാക്കി പറയണമെന്നായിരുന്നു.

3. വ്യക്തിപരമായി അടയാളപ്പെടുത്തുന്ന ഒരു മത്സരാര്‍ഥിയെന്ന നിലയിലേക്ക് ശരണ്യ ഒരിക്കലും ഉയര്‍ന്നില്ല. ആദ്യ വാരങ്ങളില്‍ വളരെ സൈലന്‍റ് ആയ മത്സരാര്‍ഥിയെന്ന് വിലയിരുത്തപ്പെട്ട ശരണ്യ മിക്കപ്പോഴും ഏറ്റവും കംഫര്‍ട്ടബിള്‍ ആയ സുഹൃദ്സംഘങ്ങളിലാണ് കാണപ്പെട്ടത്. എന്നാല്‍ വലിയ സൌഹൃദവൃന്ദങ്ങള്‍ ഇല്ലാതെപോയ സീസണ്‍ ആയതിനാല്‍ അത്തരം സൌഹൃദങ്ങള്‍ ഇന്‍ഡിവിജ്വല്‍ ഗെയിമുകളെ സ്വാധീനിച്ചുമില്ല. ശ്രീതുവായിരുന്നു ബിഗ് ബോസില്‍ ശരണ്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്. എന്നാല്‍ ക്യാപ്റ്റനായ ഒറ്റ വാരത്തിലൊഴികെ സൈലന്‍റ് എന്ന അതേ പഴി കേട്ട ശ്രീതുവില്‍ നിന്ന് ശരണ്യയ്ക്ക് ഗെയിമര്‍ എന്ന നിലയിലുള്ള പ്രചോദനമൊന്നുംതന്നെ ലഭിച്ചില്ല. മറ്റൊരു സുഹൃത്തായ അപ്സരയ്ക്കൊപ്പമുള്ളത് ഒരു ലവ്- ഹേറ്റ് റിലേഷന്‍ഷിപ്പ് ആയിരുന്നു. ടീം വിജയങ്ങളിലെ ബുദ്ധികേന്ദ്രം താനെന്ന് അപ്സര ഭാവിക്കുന്നെന്നതില്‍ എതിരഭിപ്രായമുണ്ടായിരുന്ന ശരണ്യയ്ക്ക് ആ എതിര്‍പ്പിനെയും ഒരു ഗെയിം ആക്കി എടുക്കാന്‍ സാധിച്ചില്ല.

4. ഏറ്റവും സ്വാധീനശേഷിയുള്ളവരുടെ സ്വാധീനത്തില്‍ എളുപ്പം വഴങ്ങുന്ന ആളായിരുന്നു മത്സരാര്‍ഥിയായ ശരണ്യ. വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സിബിനൊപ്പം പവര്‍ ടീമില്‍ ഇടംപിടിച്ച സമയത്താണ് ശരണ്യയുടെ മറ്റൊരു മുഖം പ്രേക്ഷകരും സഹമത്സരാര്‍ഥികളും കണ്ടത്. പവര്‍ ടീമിന്‍റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ മുന്നിട്ടിറങ്ങിയ സിബിന് ഏറ്റവും വലിയ പിന്തുണ നല്‍കിയത് ശരണ്യ ആയിരുന്നു. എന്നാല്‍ പവര്‍ ടീമില്‍ നിന്ന് ഉണ്ടായ നീതിപൂര്‍വ്വമല്ലാത്ത പല തീരുമാനങ്ങളും ആലോചനയില്ലാതെ തന്‍റേത് കൂടിയാക്കുന്ന ശരണ്യയെയാണ് ഈ സമയത്ത് കണ്ടത്. ഒരു ഗെയിമര്‍ എന്ന നിലയില്‍ ശരണ്യയ്ക്ക് പ്രേക്ഷകരുടെ മുന്നില്‍ വളരാനുള്ള ഏറ്റവും വലിയ അവസരം ലഭിച്ചത് ഈ സമയത്ത് ആയിരുന്നു. എന്നാല്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. ആദ്യ വാരങ്ങളില്‍ ഒട്ടുമേ ആക്റ്റീവ് അല്ലായിരുന്ന ശരണ്യയ്ക്ക് ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ ഇന്‍വിസിബിള്‍ എന്ന ടാഗ് മോഹന്‍ലാലില്‍ നിന്നും ലഭിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആ ഇമേജ് മാറ്റാന്‍ ശരണ്യ ശ്രമിച്ചെങ്കിലും അത് അധികം നീണ്ടുനിന്നില്ല.

5. ഭാഷാപരമായ പരിമിതി. മലയാളം നന്നായി മനസിലാക്കാനും സംസാരിക്കാനും സാധിക്കുന്ന ആളാണ് ശരണ്യ. എന്നാല്‍ ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന ശരണ്യയ്ക്ക് ഭാഷാപരമായ പരിമിതികളും ഉണ്ടായിരുന്നു. ഫിസിക്കല്‍ ടാസ്കുകളിലെ മികവ് കഴിഞ്ഞാല്‍ ബിഗ് ബോസില്‍ മുന്നേറാന്‍ ഏറ്റവും വേണ്ടത് മികച്ച രീതിയില്‍ സംസാരിക്കാനുള്ള കഴിവാണ്. എതിരാളികളുമായി പലപ്പോഴും തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ വാക്കുകളുടെ അപര്യാപ്തതയും വാക്കുകളുടെ ഒഴുക്കില്ലായ്മയും ഒരു ഇംപാക്റ്റ് ഉണ്ടാക്കുന്നതില്‍ നിന്ന് ശരണ്യയെ തടഞ്ഞു.

6. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാനുള്ള സന്നദ്ധത വ്യക്തി എന്ന നിലയില്‍ ഒരു ഗുണമാണെങ്കിലും ഒരു ബിഗ് ബോസ് മത്സരാര്‍ഥിയെ സംബന്ധിച്ച് പലപ്പോഴും പിന്നോട്ട് വലിക്കുന്ന കാര്യമാണ്. പ്രമുഖ മത്സരാര്‍ഥികളായ അപ്സരയുമായും ഋഷിയുമായുമാണ് ശരണ്യയ്ക്ക് ഹൌസില്‍ ഏറ്റവും വലിയ തര്‍ക്കങ്ങള്‍ ഉണ്ടായത്. എന്നാല്‍ ശരണ്യയെ സംബന്ധിച്ച് ഒരു പൊട്ടിത്തെറിയോടെ അത് തീര്‍ന്നു. ജിന്‍റോയെപ്പോലെയുള്ള മത്സരാര്‍ഥികള്‍ എതിരാളിയില്‍ നിന്ന് വീണുകിട്ടുന്ന ഒരു പിഴവ് പിന്നീടെപ്പോഴെങ്കിലും ഉപയോഗിക്കാനായി മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത് വെക്കുമ്പോള്‍ നിഷ്കളങ്കമായിരുന്നു ശരണ്യയുടെ ഗെയിം. ഇത് യഥാര്‍ഥ ശരണ്യയല്ലെന്ന് ബിഗ് ബോസിലെ ചില അടുത്ത സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഊര്‍ജ്ജസ്വലയായ ശരണ്യ ഹൌസില്‍വച്ച് ഒരിക്കലും പുറത്തേക്ക് വന്നില്ല. 

ALSO READ : ഈ പുതുമുഖ നായകനെ മനസിലായോ? ആള്‍ ചില്ലറക്കാരനല്ല; 'വിശേഷം' ടീസർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം