മുംബൈ: സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടന്‍ അഭയ് ഡിയോള്‍. അവാര്‍ഡ് നല്‍കുമ്പോഴും ഈ സ്വജനപക്ഷപാതം കൃത്യമായി കാണാന്‍ സാധിക്കുമെന്ന് സ്വന്തം അനുഭവം വ്യക്തമാക്കിയാണ് അഭയ് ഡിയോള്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വിശദമാക്കുന്നു. 2011ല്‍ വലിയ ഹിറ്റ് ചിത്രമായിരുന്ന സിന്ദഗി ന മിലേഗി ദൊബാര എന്ന സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ച അനുഭവമാണ് നടന്‍ പങ്കുവയ്ക്കുന്നത്.

മൂന്ന് യുവാക്കളെക്കുറിച്ചുള്ളതായിരുന്നു ചിത്രം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് ഹൃതിക് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, അഭയ് ഡിയോള്‍ എന്നിവരായിരുന്നു. ചിത്രത്തില്‍ ഇവര്‍ക്ക് തുല്യ പങ്കാളിത്തമായിരുന്നെങ്കിലും മിക്ക അവാര്‍ഡുകളിലും ഹൃതിക് നായകനും മറ്റ് താരങ്ങള്‍ സഹനടന്മാര്‍ എന്ന നിലയിലുമായിരുന്നു കണ്ടതെന്ന് അഭയ് ഡിയോള്‍ ആരോപിക്കുന്നു. സഹനടന്മാര്‍ക്കുള്ള അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തപ്പോള്‍ അത് താന്‍ ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഫര്‍ഹാര്‍ അക്തറിന് ആ നിലപാടിനോട് എതിര്‍പ്പുള്ളതായി തോന്നിയില്ലെന്നും അഭയ് ഡിയോള്‍ പറയുന്നു. 

Image may contain: 3 people, people standing, outdoor and text

മുഖ്യ കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നത് സിനിമാ വ്യവസായമാണ്. അവരുടെ ലോജിക്കില്‍ ഹൃതിക് നായകനും കത്രീന കൈഫ് നായികയുമാണ്. മറ്റുള്ളവര്‍ സഹതാരങ്ങളും. ഇതടക്കം നിരവധി രീതിയിലാണ് സിനിമാ വ്യവസായം നിങ്ങള്‍ക്കെതിരാവുകയെന്നും അഭയ് പറയുന്നു. യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാലത്തിലുള്ള വിയോഗത്തിന് പിന്നാലെ ബോളിവുഡിലെ ഇത്തരം വിവോചനങ്ങള്‍ക്കെതിരെ നിരവധിപ്പേരാണ് ശബ്ദമുയര്‍ത്തിയിട്ടുള്ളത്. സംഗീതമേഖലയില്‍ പുതുമുഖങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തേക്കുറിച്ച് പ്രശസ്ത ഗായകന്‍ സോനു നിഗം പ്രതികരിച്ചത് വൈറലായിരുന്നു.