നടി ഉർവശിയുടെ കുടുംബാംഗമായ അഭയ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു
മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ സംവിധായകനായി നടി ഉർവശിയുടെ കുടുംബത്തിൽ നിന്നുള്ള നടൻ അഭയ് ശങ്കർ സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. 2023-ൽ ‘യോസി’ എന്ന തമിഴ് ചിത്രത്തിലെ നായകനായാണ് അഭയ് ശങ്കർ സിനിമയിലേക്ക് അരങ്ങേറിയത്. ഉർവശി– കലാരഞ്ജിനി– കല്പന കുടുംബത്തിൽ നിന്നുള്ള അഭയ് ശങ്കർ ആദ്യമായി തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ കൈകാര്യം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇനിയും പേര് പ്രഖ്യാപിക്കാത്ത ഈ പ്രോജക്ട് ഹൊറർ–ത്രില്ലർ ശൈലിയിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിൽ നായകനായി എത്തുന്നത് കലേഷ് രാമാനന്ദ് ആണ്. ഹൃദയം, വർഷങ്ങൾക്കു ശേഷം, തമിഴ് ചിത്രമായ ഗാർഗി, ഫേസസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദ് തന്റെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്നെല്ലാം പൂർണ്ണമായും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ശ്രദ്ധ ഗോകുൽ ആണ്. മെഗാ ചിത്രം ദൃശ്യം 3, വലതു വശത്തെ കള്ളൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതയായ ശ്രദ്ധ ഗോകുൽ ഈ സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായ, നായകന്റെ അമ്മയായി എത്തുന്നത് മലയാളികളുടെ എല്ലാം പ്രിയപ്പെട്ട കലാരഞ്ജിനി ആണ്. അമ്മയും മകനുമായുള്ള രസകരമായ നിമിഷങ്ങളാണ് കഥയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വളരെ വർഷങ്ങൾക്കു ശേഷം ഒരു പ്രധാനപെട്ട മുഴുനീള കഥാപാത്രമായിട്ടാണ് കലാരഞ്ജിനി ഈ സിനിമയിൽ എത്തുന്നത്.
തമിഴ് താരനിരയും ചിത്രത്തിൽ ശ്രദ്ധേയ സാന്നിധ്യമാണ്. സൂപ്പർ ഹിറ്റ് തമിഴ് സിനിമകളായ ടൂറിസ്റ്റ് ഫാമിലി, ഗുഡ് നൈറ്റ് എന്നിവയിലും മലയാളത്തിലെ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലും എല്ലാം തിളങ്ങിയ രമേശ് തിലക്, തലൈവാസൽ വിജയ്, കുംകി അശ്വിൻ, ടി എസ് ആർ ശ്രീനിവാസൻ, അവരെ കൂടാതെ ഡോ. അമർ രാമചന്ദ്രൻ, പ്രതിഭ പ്രതാപ് എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. തിങ്ക് സ്പേസ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പ്രശാന്ത് പ്രണവമാണ്. നിരവധി ചിത്രങ്ങൾ കൂടാതെ 2020-ലെ മികച്ച ഗായികയ്ക്കും ഗാനരചനയ്ക്കും തമിഴ് നാട് സ്റ്റേറ്റ് അവാർഡ് ലഭിച്ച സിനിമയായ തായ്നിലത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചതും പ്രശാന്ത് പ്രണവമാണ്. അസോസിയേറ്റ് പ്രൊഡ്യൂസറായി മിഥുൻ മാമ്മൂട്ടിൽ ഈ ടീമിന്റെ ഭാഗമായിരിക്കുകയാണ്.
മലയാളത്തിലും തമിഴിലും പല സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ശ്രീജിത് എടവനയാണ് ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഒപ്പം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഉടനെ റിലീസിനു ഒരുങ്ങുന്ന പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രമായ ഭൂത് ബംഗ്ലാ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ അയ്യപ്പൻ നായരാണ് ഈ ചിത്രത്തിന്റെയും എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സ്റ്റണ്ട് മാസ്റ്ററായ ജാക്കി ജോൺസൺ ഒരു വ്യത്യസ്തതയോടെ ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ കൈകാര്യം ചെയ്യുന്നു. ആർട്ട് ഡയറക്ടർ എസ്.പി. നാഗരാജ്, അസിസ്റ്റന്റ് ഡയറക്ടഴ്‌സ് ആയി അനുഷ പ്രഭു, കൃഷ്ണ പ്രശാന്ത് എന്നിവര്‍ ഇതിന്റെ ഭാഗമാകുന്നു. വസ്ത്രാലങ്കാരം കെ രാമു, മേക്കപ്പ് രോഹിണി കെ.എസ്., സ്റ്റിൽസ് ഗാന്ധി, പ്രൊഡക്ഷൻ മാനേജർ കെ. മഹേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ സതീഷ് ജെ., പി.ആർ.ഒ എം.കെ. ഷെജിൻ.
ചെന്നൈയും കേരളവും പ്രധാന ലൊക്കേഷനുകളാക്കി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആദ്യ ഷെഡ്യൂൾ വിജയകരമായി പൂര്‍ത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഹൊറർ ത്രില്ലറിന്റെ ആവേശവും കുടുംബബന്ധങ്ങളുടെ നിമിഷങ്ങളുമായി ചേർത്തൊരുക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകരെയും ഹൊറർ പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു വ്യത്യസ്ത സിനിമയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

