മോളിവുഡ് ടൈംസിലെ ഒരു കഥാപാത്രം ബേസിൽ ജോസഫാണെന്ന അഭ്യൂഹങ്ങളോട് സംവിധായകൻ പ്രതികരിച്ചു.

നസ്ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതിയകരണം ലഭിച്ച ചിത്രത്തിന് ഒടിടി റിലീസിന് ശേഷം മികച്ച പ്രശംസകൾ ലഭിക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിയത് മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു ചിത്രത്തിലെ സംഗീത്പ്രതാപ് അവതരിപ്പിച്ച അർജുൻ ഹരിദാസ് എന്ന കഥാപാത്രം. യഥാർത്ഥ ജീവിതത്തിൽ ബേസിൽ ജോസഫിനെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് നിരവധി ഗൂഡാലോചന സിദ്ധാന്തങ്ങൾ റിലീസ് ശേഷം എക്സ്, റെഡിറ്റ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബേസിലിന്റെ പഴയ അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകളും ചിത്രത്തിലെ കഥാപാത്രത്തിന്റെ വാക്കുകളും മറ്റും ചേർത്തുവച്ചായിരുന്നു ഇത്തരം പ്രചാരങ്ങൾ ഏറെയും നടന്നിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ അഭിനവ് സുന്ദർ നായകോ ബേസിൽ ജോസഫോ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ആദ്യമായി ഇത്തരം ചർച്ചകളോടുള്ള തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. 'മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ വാസ്തവമുണ്ടോ?' എന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഭിനവ് തന്റെ പ്രതികരണം അറിയിച്ചത്. ആര് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, കഥാപാത്രങ്ങളിലൂടെ താൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും കഥ പൂർണ്ണമായും ഭാവനയിൽനിന്നുള്ളതാണെന്നും അഭിനവ് പറയുന്നു.

"കഥ പൂർണ്ണമായും ഭാവനയിൽനിന്നുള്ളതാണെന്നും കഥാപാത്രങ്ങൾ ഞാനും രാമുവും ഞങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടിയ ആളുകളുടെ മിശ്രണമാണെന്നും ഞാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതാനുഭവങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ അവയിലേറെയും ഭാവന കലർത്തിയാണ് ചെയ്തത്. പ്രേക്ഷകർക്ക് അത് വേർതിരിച്ച് ഒരു നിഗമനത്തിലേക്ക് എത്താൻ സാധിക്കില്ല. ആരെയെങ്കിലും തുറന്നുകാട്ടുക എന്നതായിരുന്നു എന്റെ ഉദ്ദേശമെങ്കിൽ, ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ മതിയായിരുന്നു. ചില അപ്രിയസത്യങ്ങളെക്കുറിച്ച് പറയുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. അതിൽ കൂടുതലൊന്നുമില്ല." അഭിനവ് കുറിച്ചു.

YouTube video player