സാധാരണ ഒരു ക്രൈം ത്രില്ലറിൽ ഒരു അന്വേഷണം ഉണ്ടാകുമല്ലോ. പക്ഷേ, ഈ വഴിയല്ല ഈ സിനിമ പോകുന്നത്. 'വിചിത്രം' സംവിധായകൻ അച്ചു വിജയൻ പറയുന്നു.
എഡിറ്റർ അച്ചു വിജയൻ ആദ്യമായി സംവിധായകനാകുകയാണ് വിചിത്രം എന്ന സിനിമയിലൂടെ. ഹൊറർ അംശങ്ങളുള്ള എന്നാൽ അമാനുഷികമായ കഥാപാത്രങ്ങളില്ലാത്ത കഥയാണ് വിചിത്രം. ആദ്യ സംരംഭത്തെക്കുറിച്ച് അച്ചു വിജയൻ സംസാരിക്കുന്നു.
എങ്ങനെയാണ് 'വിചിത്രം' സംവിധാനം ചെയ്യുന്നതിലേക്ക് എത്തിയത്?
വിചിത്രം എന്റെ ആദ്യത്തെ സിനിമയാണ്. ഞാൻ മറ്റൊരു സിനിമക്ക് വേണ്ടി മൂന്നാല് വർഷമായി ഓട്ടത്തിലായിരുന്നു. ഒരു പ്രൊഡക്ഷൻ ഹൗസ് സിനിമ നിർമ്മിക്കാമെന്ന് സമ്മതിച്ചു. എല്ലാം ശരിയായ വന്നപ്പോഴാണ് കൊവിഡ് വന്ന് അത് മുടങ്ങിയത്. അതിന് ശേഷമാണ് ഡോ. അജിത് ജോയ്ക്കൊപ്പം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ പാർട്ണർ ആയത്. അദ്ദേഹമാണ് ഒരു സിനിമ എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ കുറച്ചു തിരക്കഥകൾ കേട്ടതിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു തിരക്കഥയായിരുന്നു വിചിത്രം.
എന്തുകൊണ്ടാണ് ഈ തിരക്കഥ തെരഞ്ഞെടുക്കാൻ കാരണം?
ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് തരുന്ന പടമായിരിക്കും ഇതെന്ന ബോധ്യം ഉണ്ടായിരുന്നു. അത് ഈ സിനിമ ഒരു മിസ്ട്രി ത്രില്ലർ ആയതു കൊണ്ട് മാത്രമല്ല. സിനിമയിലെ ശബ്ദം ആയാലും വിഷ്വൽ ലാംഗ്വേജ് ആയാലും വർക്ക് ചെയ്യാൻ പറ്റുന്ന ഒരു കഥയായി തോന്നി.
മലയാളത്തിൽ നിരവധി ക്രൈം-മിസ്ട്രി സിനിമകൾ അടുത്തിടെ ഇറങ്ങിയല്ലോ. എങ്ങനെയാണ് 'വിചിത്രം' ഈ സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്?
വിചിത്രം വ്യത്യസ്തമാകുന്നത് ഇത് മറ്റ് ക്രൈം തില്ലറുകളെപ്പോലെയല്ല എന്നതുകൊണ്ടാണ്. സാധാരണ ഒരു ക്രൈം ത്രില്ലറിൽ ഒരു അന്വേഷണം ഉണ്ടാകുമല്ലോ. ഈ വഴിയല്ല ഈ സിനിമ പോകുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്നിട്ടുള്ള ഒരു ക്രൈം വളരെ സ്വാഭാവികമായി വെളിച്ചത്ത് വരുന്നതാണ് കഥ. കഥാപാത്രങ്ങൾ ആരും അന്വേഷണത്തിന് ഒന്നും ശ്രമിക്കുന്നില്ല. അവരിലേക്ക് കാര്യങ്ങൾ വന്നുചേരുകയാണ്. അതിന് വേറൊരു സുഖമുണ്ടല്ലോ, നമ്മളാരും അന്വേഷിച്ച് പോകണ്ട ആവശ്യമില്ല. സത്യം എത്രനാൾ മൂടിവെച്ചാലും പുറത്തുവരും എന്നത് പോലെയാണ്. അമാനുഷികമായി ഒന്നും തന്നെ ഈ സിനിമയലില്ല.
എങ്ങനെയാണ് കഥാപാത്രങ്ങളിലേക്ക് എത്തിയത്?
തിരക്കഥ എഴുതുമ്പോൾ തന്നെ ഷൈൻ ടോം ചാക്കോ ഈ സിനിമയിലുണ്ട്. തിരക്കഥാകൃത്ത് നിഖിൽ രവീന്ദ്രൻ ഈ കഥയുടെ ആദ്യത്തെ ആശയം പറയുന്നത് പോലും ഷൈൻ ടോം ചാക്കോയോടാണ്. അതിന് ശേഷമാണ് തിരക്കഥ എന്റെ അടുത്ത് വരുന്നത്. രണ്ട് കഥാപാത്രങ്ങളെ അന്ന് വ്യക്തമായിട്ടുണ്ടായിരുന്നുള്ളൂ; ജാക്സൺ എന്ന ഷൈൻ ടോം ചാക്കോയും മാർത്ത എന്ന കനി കുസൃതിയും. ബാക്കിയെല്ലാ കഥാപാത്രങ്ങളിലേക്കും നമ്മൾ എത്തിച്ചേരുകയായിരുന്നു. ഏറ്റവും അവസാനമാണ് ജോളി ചിറയത്ത് ഇതിലേക്ക് വന്നത്. അവർക്ക് വളരെ സൂക്ഷ്മമായി അഭിനയിക്കാനുള്ള അവസരമുള്ള വേഷംകൂടെയാണിത്. അത് അവർ വളരെ നന്നായി ചെയ്തിട്ടുണ്ട്. എനിക്ക് ഒരുപാട് സന്തോഷമുള്ള കാസ്റ്റിങ് ആണ് ജോളി ചിറയത്തിന്റെത്.
ഈ സിനിമയിൽ വലിയ താരങ്ങളില്ല. വാണിജ്യമായ വിജയം എപ്പോഴും പ്രൊഡ്യൂസർമാരുടെ ആവലാതിയാണ്. കഥാപാത്രങ്ങൾക്കായി അഭിനേതാക്കളെ തെരഞ്ഞെടുക്കുമ്പോൾ ഇതെല്ലാം ആലോചിച്ചിരുന്നോ?
തീർച്ചയായും. വലിയ ഹൈപ് ഉള്ള താരങ്ങളുള്ള സിനിമകൾക്ക് മാത്രം ആളുകൾ തീയേറ്ററിലേക്ക് എത്തുമ്പോൾ ഇങ്ങനെയൊരു സിനിമ അവതരിപ്പിക്കുന്നത് എങ്ങനെയാണെന്ന് എല്ലാം ആലോചിച്ചിരുന്നു. വിചിത്രം സിനിമക്ക് സിനിമാറ്റിക് ആയ ഒരു അനുഭവം തരാൻ പറ്റും എന്ന് ഉറപ്പായിരുന്നു. മിക്കപ്പോഴും വലിയ സിനിമകൾക്ക് താരങ്ങളുടെ പ്രതിഫലമായിരിക്കും കൂടുതൽ മറ്റുള്ള ചെലവുകൾ കുറവായിരിക്കും. വിചിത്രം സിനിമയുടെ പ്രൊഡക്ഷൻ ബജറ്റ് വലുതാണ്. മറ്റൊരു സിനിമ ചെയ്യേണ്ടതിന് അടുത്ത് പ്രൊഡക്ഷന് ചെലവായിട്ടുണ്ട്. ശബ്ദത്തിലും വിഷ്വൽ ലാംഗ്വേജിലും യാതൊരു കോംപ്രമൈസും വരുത്താതെ സിനിമയെടുക്കുകയായിരുന്നു ലക്ഷ്യം. വിചിത്രത്തിലെ സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് ദേശീയ അവാർഡ് ജേതാവാണ്.
അച്ചു വിജയന്റെ ഇനിയുള്ള പ്രോജക്റ്റുകൾ ഏതെല്ലാമാണ്?
മുടങ്ങിയ സിനിമ വീണ്ടും തുടങ്ങണമെന്ന് കരുതുന്നു. വേറെയും കുറച്ച് പുതിയ ആശയങ്ങൾ ഉണ്ട്. ഇതുവരെ കാണാത്ത എന്തെങ്കിലും വരുമ്പോഴാണല്ലോ തീയേറ്ററിൽ പോയി കാണാനൊക്കെ നമുക്ക് തോന്നുന്നത്. അതുപോലെയുള്ള ആശയങ്ങൾ സിനിമയാക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് ഒരുപാട് ബജറ്റും വേണം. അതിന്റെയെല്ലാം ഒരു തുടക്കം മാത്രമായിട്ടാണ് ഞാൻ വിചിത്രത്തെ കാണുന്നത്.
