"വിചിത്രം ഒരു കുടുംബചിത്രം കൂടെയാണ്. ഒരു ഇടവപ്പാതിയിൽ ഒരാഴ്ച്ചകൊണ്ട് നടക്കുന്ന കഥയാണ് വിചിത്രം. മുൻപ് താമസിച്ചിരുന്ന വീട് നഷ്ടമായി ഒരമ്മയും അഞ്ച് മക്കളും ഒരു പുതിയ വീട്ടിലെത്തുമ്പോഴുണ്ടാകുന്ന ചില സംഭവങ്ങൾ..."
ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമാകുന്ന 'വിചിത്രം' ഒക്ടോബർ 14-ന് റിലീസ് ആകുന്നു. നവാഗതനായ നിഖിൽ രവീന്ദ്രൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊറർ, ക്രൈം, മിസ്ട്രി വിഭാഗങ്ങളിൽപ്പെടുന്ന സിനിമ ഒരു പുതിയ സിനിമ അനുഭവമാണെന്നാണ് നിഖിൽ രവീന്ദ്രൻ പറയുന്നത്.
'വിചിത്രം' നിഖിലിന്റെ സിനിമയാകുന്ന ആദ്യത്തെ തിരക്കഥയാണല്ലോ, എങ്ങനെയാണ് ഈ തിരക്കഥയിലേക്ക് എത്തിയത്?
ഒരു അമ്മയും അഞ്ച് ആൺമക്കളും എന്ന രീതിയിലാണ് ഈ കഥ തുടങ്ങിയത്. അവസാനത്തെ കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഞാനും ഷൈൻ ടോം ചാക്കോയും ചേർന്നുള്ള സംസാരത്തിനിടയിലാണ് ഈ ആശയത്തിലേക്ക് എത്തുന്നത്. അമ്മയും അഞ്ച് മക്കളും എന്ന ആശയം ഒരു ഹൊറർ, ക്രൈം, മിസ്ട്രി ത്രില്ലർ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു പിന്നീട്. ഷൈൻ ടോം ചാക്കോ ആദ്യം മുതലെ ഈ സിനിമയിൽ ഉണ്ടായിരുന്നു. സംവിധായകൻ അച്ചു വിജയൻ എന്റെ അടുത്ത സുഹൃത്താണ്. ഒരു സിനിമ ചെയ്യാനുള്ള പ്ലാനിൽ അച്ചു നിൽക്കുകയായിരുന്നു. അങ്ങനെയാണ് ഈ കഥയുമായി ഞാൻ അച്ചുവിനെ സമീപിച്ചത്. സിനിമ തുടങ്ങുമ്പോഴേക്ക് ഒരു ഫസ്റ്റ് ഡ്രാഫ്റ്റിൽ എത്തിയിരുന്നു. രണ്ട് മൂന്ന് മാസത്തിനുള്ളിൽ തിരക്കഥ എഴുതിത്തീർത്തു. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് കിട്ടിയത്. ഈ സിനിമയുടെ പ്രൊഡ്യൂസർ അജിത് ജോയ് ഒരു ആർട്ടിസ്റ്റ് കൂടെയാണ്. അദ്ദേഹത്തിന് ഈ ആശയം ഇഷ്ടപ്പെടുകയും പെട്ടന്ന് അത് സിനിമയാകുകയുമായിരുന്നു.
എന്താണ് 'വിചിത്ര'ത്തിന്റെ കഥ?
ഹൊറർ സിനിമയിലെ ഒരു പുതിയ അനുഭവമായിരിക്കും 'വിചിത്രം'. ക്രൈം, ത്രില്ലർ സിനിമകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ. പക്ഷേ, വിചിത്രം ഒരു കുടുംബചിത്രം കൂടെയാണ്. ഒരു ഇടവപ്പാതിയിൽ ഒരാഴ്ച്ചകൊണ്ട് നടക്കുന്ന കഥയാണ് വിചിത്രം. മുൻപ് താമസിച്ചിരുന്ന വീട് നഷ്ടമായി ഒരമ്മയും അഞ്ച് മക്കളും ഒരു പുതിയ വീട്ടിലെത്തുമ്പോഴുണ്ടാകുന്ന ചില സംഭവങ്ങൾ അതാണ് സിനിമ. പാരാനോർമൽ എന്നതിനെക്കാൾ ഒരു ക്രൈം മിസ്ട്രി ത്രില്ലർ ആണ് വിചിത്രം.
വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും 'വിചിത്രം' എന്ന് പറഞ്ഞല്ലോ. അങ്ങനെയൊരു സിനിമയ്ക്ക് തിരക്കഥ എഴുതി അത് കണ്ടുകഴിഞ്ഞപ്പോൾ എന്തുതോന്നുന്നു?
ഇത്രയും പെട്ടന്ന് ഈ സിനിമ സംഭവിച്ചതിൽ വലിയ സന്തോഷം. ആദ്യം അവതരിപ്പിച്ചപ്പോൾ ഇതൊരു പരീക്ഷണമായിരുന്നു. പക്ഷേ, ആ ആശയം അധികം കൊണ്ടുനടക്കേണ്ടി വന്നില്ല. എഴുതുമ്പോൾ, ക്രൈം തില്ലറുകൾ സ്ഥിരമായി ആവർത്തിക്കുന്ന ക്ലീഷേകൾ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എല്ലാ കഥാപാത്രങ്ങളുടെ രീതികളും പുതുമയുള്ളതാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. ഈ ഒരു കാലഘട്ടത്തിൽ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് എല്ലാവരും.
സിനിമയിൽ അഭിനയിച്ചവരെ എങ്ങനെയാണ് തെരഞ്ഞെടുത്തത്?
ഈ തിരക്കഥ എഴുതുമ്പോൾ തന്നെ ഷൈൻ ടോം ചാക്കോയും കനി കുസൃതിയും മനസ്സിൽ ഉണ്ടായിരുന്നു. സംവിധായകന്റെ സുഹൃത്താണ് ബാലു വർഗീസ്. കഥ കേട്ടപ്പോൾ തന്നെ എല്ലാവരും താൽപര്യം പ്രകടിപ്പിച്ചു. ഡേറ്റ് പ്രശനങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും സിനിമക്ക് വേണ്ടി സഹകരിക്കാൻ തയ്യാറായി. സിനിമയിൽ ഒരു ഇരട്ട സഹോദരന്മാരും ഉണ്ട്. കേരളം മുഴുവൻ ഇരട്ടകളെ ഞങ്ങൾ അന്വേഷിച്ചിരുന്നു. യാദൃശ്ചികമായാണ് അവരെ (ഷിഹാൻ, ഷിയാൻ) കണ്ടെത്തിയത്. അവർ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. ഒരേ സ്ഥലങ്ങളിലാണ് ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു സിനിമയുടെ സമയത്ത്.
ഹൊറർ ആണോ എഴുതാൻ ഇഷ്ടമുള്ള വിഷയം?
ഏയ്, അല്ല. എനിക്ക് ഭയങ്കര പേടിയാണ്. ഞാനൊരിക്കലും ഒരു ഹൊറർ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ സംവിധാനമാണ് പഠിച്ചത്. സംവിധായകനാകാനായിരുന്നു താൽപര്യം. പക്ഷേ, ഇപ്പോൾ എഴുതാൻ പറ്റിയതും ഒരു ഭാഗ്യമായി കരുതുന്നു. അടുത്ത ഏതാനും സിനിമകൾക്കും തിരക്കഥ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്. അതിന് ശേഷം സംവിധായകനാകാനാണ് ആഗ്രഹം.
