പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്
കൊച്ചി: നടി ശ്വേത മേനോന് എതിരായ കേസില്‍ പ്രതികരണവുമായി സെന്‍ട്രല്‍ എസിപി സിബി ടോം. കോടതി നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും കോടതി ഉത്തരവിട്ടാല്‍ പൊലീസിന് മറ്റ് മാര്‍ഗമില്ലെന്നും സിബി ടോം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടാൽ ഏത് പരാതിയിലും എഫ്ഐആര്‍ ഇടണം. പ്രാഥമിക അന്വേഷണത്തിന് അവിടെ സാധ്യത ഇല്ല. ഇനി പോലീസ് പരാതിയിൽ അന്വേഷണം നടത്തുമെന്നും എസിപി പറഞ്ഞു.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ശ്വേത മേനോനെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്. അതേസമയം ശ്വേത മേനോന്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മത്സരിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു കേസ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

