Asianet News MalayalamAsianet News Malayalam

'ഒരുപാട് സംസാരിക്കുന്ന ആളായിരുന്നില്ല ദുല്‍ഖര്‍, മറിച്ച് നിരീക്ഷിക്കുന്ന ആളായിരുന്നു'; ആക്ടിംഗ് കോച്ച് സൗരഭ്

ബാരി ജോണ്‍ അക്കാദമിയിലായിരുന്ന കാലത്ത് ഇപ്പോഴത്തെ മുന്‍നിര ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, റിച്ച ഛദ്ദ എന്നിവരുടെയും ആക്ടിംഗ് കോച്ച് ആയിരുന്നു സൗരഭ്

acting coach saurabh sachdeva of barry john acting studio about dulquer salmaan
Author
Thiruvananthapuram, First Published Sep 18, 2021, 11:48 AM IST

ഇന്ത്യയിലെ അഭിനയകലാ പരിശീലകരില്‍ മുന്‍നിര പേരുകാരനാണ് ബാരി ജോണ്‍. അദ്ദേഹത്തിന്‍റെ അഭിനയക്കളരിയില്‍ നിന്നിറങ്ങിയവരില്‍ ഷാരൂഖ് ഖാനും മനോജ് ബാജ്പെയിയും സുശാന്ത് സിംഗും ഷൈനി അഹൂജയും നമ്മുടെ ദുല്‍ഖര്‍ സല്‍മാനുമൊക്കെയുണ്ട്. അഭിനയവിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഇവരൊക്കെ എങ്ങനെയായിരുന്നു അക്കാലത്ത്? ബാരി ജോണിന്‍റെ കളരിയില്‍ ആക്ടിംഗ് കോച്ച് ആയിരുന്ന സൗരഭ് സച്ച്ദേവ പറയുന്നു. 

ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനയ വിദ്യാര്‍ഥിയെക്കുറിച്ചും സൗരഭ് മനസ് തുറക്കുന്നുണ്ട്- "ഒരു നിശബ്‍ദനായ വിദ്യാര്‍ഥിയായിരുന്നു ദുല്‍ഖര്‍. ഒരുപാടൊന്നും സംസാരിക്കുന്ന ആളായിരുന്നില്ല, മറിച്ച് നിരീക്ഷിക്കുന്ന ആളായിരുന്നു. കാര്യങ്ങള്‍ കണ്ട് പഠിക്കും. മറ്റാരെക്കുറിച്ചും മോശം പറയില്ല. എല്ലാവരുടെ കാഴ്ചപ്പാടുകളും കേള്‍ക്കും. വളരെ ശാന്തനും പിരിമുറുക്കങ്ങളൊന്നും ഇല്ലാത്ത ആളുമായിരുന്നു. അത്തരത്തില്‍ വളര്‍ത്തപ്പെട്ട ആളായിരിക്കാം അദ്ദേഹം, വരുന്ന ലോകത്തിന്‍റെ പ്രത്യേകതകൊണ്ടായിരിക്കാം. ഒട്ടും അഗ്രസീവ് ആയിരുന്നില്ല, മറിച്ച് ഒരു സെന്‍ അവസ്ഥയില്‍ എന്നതുപോലെ ആയിരുന്നു. അതേസമയം നിഷ്‍ക്രിയനായിരുന്നുമില്ല, മറിച്ച് ഊര്‍ജ്ജസ്വലതയോടെ എപ്പോഴും അഭിനയിക്കാന്‍ തയ്യാറായിരുന്നു ദുല്‍ഖര്‍", സൗരഭ് സച്ച്ദേവ പറയുന്നു.

acting coach saurabh sachdeva of barry john acting studio about dulquer salmaan

 

ബാരി ജോണ്‍ അക്കാദമിയിലായിരുന്ന കാലത്ത് ഇപ്പോഴത്തെ മുന്‍നിര ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, റിച്ച ഛദ്ദ എന്നിവരുടെയും ആക്ടിംഗ് കോച്ച് ആയിരുന്നു സൗരഭ്. ബ്രിട്ടണില്‍ ജനിച്ച്, ഇന്ത്യയില്‍ നാടക പ്രവര്‍ത്തനവും അഭിനയക്കളരിയും നടത്തി പ്രശസ്‍തനായ കലാകാരനാണ് ബാരി ജോണ്‍. 1973ല്‍ തിയറ്റര്‍ ആക്ഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ദില്ലിയില്‍ നാടക പ്രസ്ഥാനം ആരംഭിച്ചു. 1997ല്‍ ഇമാഗോ ആക്റ്റിംഗ് സ്കൂള്‍ എന്ന പേരില്‍ ദില്ലിയില്‍ തന്നെ അഭിനയക്കളരിയും ആരംഭിച്ചു. 2007ല്‍ ഈ രണ്ട് സ്ഥാപനങ്ങളും മുംബൈയിലേക്ക് മാറ്റി. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബോളിവുഡിന്‍റെ വെള്ളിവെളിച്ചത്തില്‍ എത്തിയതോടെ ബാരി ജോണിന്‍റെ കളരിയും പ്രശസ്‍തിയിലേക്ക് ഉയര്‍ന്നു. ബാരി ജോണ്‍ ആക്റ്റിംഗ് സ്റ്റുഡിയോ എന്നാണ് ഇപ്പോള്‍ സ്ഥാപനത്തിന്‍റെ പേര്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios