റീലോഞ്ചിനോടനുബന്ധിച്ച്, 'ഏകം' എന്ന പേരിൽ ഒരു മിനിറ്റ് സിനിമകളുടെ അന്താരാഷ്ട്ര മേളയും പ്രഖ്യാപിച്ചു
പുതിയ കാലത്ത് രൂപപ്പെടുന്ന സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കാൻ സിനിമാ പ്രേമികൾക്ക് കഴിയണമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാള സിനിമയുടെ സ്വപ്നസാക്ഷാത്കാരങ്ങൾക്ക് രൂപം നൽകിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ റീലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ നിർമ്മിക്കുന്നത് അതിൽ നിന്നും കിട്ടുന്ന ലാഭത്തെയോ ചലച്ചിത്ര മേളകളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ഏറ്റവും കൂടുതൽ ആളുകളിലേക്ക് സിനിമ എങ്ങനെ എത്തുന്നു എന്നതനുസരിച്ചാണെന്ന് അടൂർ അഭിപ്രായപ്പെട്ടു. ഐഎഫ്എഫ്കെയോടനുബന്ധിച്ചാണ് തിരുവനന്തപുരം നിള തിയറ്ററിൽ ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ലിമിറ്റഡ് എന്ന പേരിൽ റീലോഞ്ച് സംഘടിപ്പിച്ചത്.
1965 ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത്. കേരളത്തിൽ ചലച്ചിത്ര സംസ്കാരം വളർത്തുക, ലോകസിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക, ഗുണമേന്മയുള്ള സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്ര നിർമ്മാണരംഗത്ത് മലയാളത്തിന്റെ മുദ്ര പതിപ്പിച്ചു. ചിത്രലേഖയുടെ ആഭിമുഖ്യത്തിൽ 'ഏകം' എന്ന പേരിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള സിനിമകളുടെ അന്താരാഷ്ട്ര മേള നടത്തുമെന്ന് റിലോഞ്ച് വേദിയിൽ ചെയർമാൻ ടോണി തോമസ് അറിയിച്ചു. ഒരു മിനിറ്റ്, ഒരു ആശയം, ഒറ്റ ശബ്ദം എന്ന ആശയമാണ് ഏകം മേള മുന്നോട്ടുവയ്ക്കുന്നത്.
സിനിമയുടെ പുതിയ ശബ്ദങ്ങളെ കണ്ടെത്തുന്നതിന് കേരളത്തിൽ നിന്നുള്ള ക്ഷണമാണ് ഏകം ഒരുക്കുന്നത്. എന്തുകൊണ്ട് ഒരു മിനിറ്റ് മാത്രം എന്ന് ചോദിക്കുന്നവരോട് ഒരു മിനിറ്റിൽ നിങ്ങൾക്ക് ഒരു ഫ്രെയിമും ഒഴിവാക്കാൻ സാധിക്കില്ലെന്നും ഒരു മിനിറ്റിൽ ഒരു ആശയത്തെ ഏറ്റവും ഫലപ്രദമായി ആവിഷ്കരിക്കാൻ സാധിക്കുമെന്നും ടോണി തോമസ് അഭിപ്രായപ്പെട്ടു. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു ചിത്രം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ലിമിറ്റഡിന്റെ മുൻ അംഗം മീര സാഹിബ്, മാനേജിംഗ് ഡയറക്ടർ സന്തോഷ് ദാമോദരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



