കൊച്ചിയില്‍ നടക്കുന്ന ഓഡിഷന്‍റെ വിശദാംശങ്ങള്‍ അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്

നിവിന്‍ പോളിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ 2016 ല്‍ പുറത്തെത്തിയ ആക്ഷന്‍ ഹീറോ ബിജു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമെന്ന വിവരം നിര്‍മ്മാതാക്കളായ പോളി ജൂനിയര്‍ പിക്ചേഴ്സ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിഷന്‍ ഇതിനകം ആരംഭിച്ചു എന്നതാണ് അത്.

കൊച്ചിയില്‍ നടക്കുന്ന ഓഡിഷന്‍റെ വിശദാംശങ്ങള്‍ അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിൽ ആണ് ഓഡിഷൻ നടന്നു വരുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഒഡിഷനിൽ പങ്കെടുക്കുന്നുണ്ട്, മെയ് 1,2,3 തീയ്യതികളിൽ വീണ്ടും അതേ സ്റ്റുഡിയോയിൽ വെച്ച് ഒഡിഷൻ ഉണ്ടായിരിക്കുമെന്ന് പ്രൊഡക്ഷൻ കൺട്രോളർ ശ്യാംലാൽ അറിയിച്ചു.

തേടുന്ന അഭിനേതാക്കളുടെ വിവരങ്ങൾ

ഗസറ്റഡ് ഓഫീസർ (പുരുഷൻ, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നവർ )
പ്രായം: 48-55 വയസ്

ഫ്രീക്ക് ലുക്ക് ആൺകുട്ടികൾ 
പ്രായം: 18-24 വയസ്

സ്ത്രീകഥാപാത്രങ്ങൾ 
പ്രായം: 20- 30 വയസ്

30 നും 4‌0 നും ഇടയിലുള്ള പുരുഷ സ്ത്രീ അഭിനേതാക്കൾ.

എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ആക്ഷന്‍ ഹീറോ ബിജുവില്‍ അവതരിപ്പിച്ചത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്ന് ആയിരുന്നു.

ALSO READ : ബി​ഗ് ബോസ് ഹൗസില്‍ താനിനി പണിയെടുക്കില്ലെന്ന് ഒമര്‍ ലുലു; അങ്ങനെയെങ്കില്‍ ഭക്ഷണമില്ലെന്ന് മനീഷ