ലോകേഷ് കനകരാജാണ് 'ദളപതി 67' സംവിധാനം ചെയ്യുന്നത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 67'. 'മാസ്റ്ററി'ന് ശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം വൈകാതെ തുടങ്ങും. ഇപ്പോഴിതാ 'ദളപതി 67'ന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആക്ഷൻ കിംഗ് അര്‍ജുൻ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
'ദളപതി 67'ല്‍ അര്‍ജുൻ നിര്‍ണായക ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. 'വിക്രം' എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രം തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായിരുന്നു. 'വിക്ര'ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ 'ദളപതി 67'ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‍നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'വിക്രം'. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, , കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.
