Asianet News MalayalamAsianet News Malayalam

'രണ്ടുവര്‍ഷം തുടര്‍ച്ചായി സഹകരിച്ചില്ലെങ്കില്‍ നടപടി', അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ

ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി. യുവതാരങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാത്തതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.

Action will be taken against the members for non cooperation for two consecutive years in amma
Author
Kochi, First Published Jun 27, 2022, 11:36 AM IST

കൊച്ചി: അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ. രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ തീരുമാനം. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി. യുവതാരങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാത്തതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.

അതേസമയം അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷമ്മി തിലകനെ അമ്മയില്‍ നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. കൊച്ചി കളമശ്ശേരിയില്‍ ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം. സംഘടനയുടെ മുന്‍ ജനറൽ ബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകന്‍ മൊബൈൽ ഫോൺ ക്യാമറയില്‍ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അത് പ്രസ്തുത യോഗത്തില്‍ മറ്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതിനെ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു. 

ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നല്‍കിയിരുന്നില്ല. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാന്‍ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 

യുവനടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരവും ഉൾപ്പെടുത്തിയിരുന്നത്. 'മീ റ്റൂ' ആരോപണം നേരിടുന്ന വിജയ് ബാബുവിനൊപ്പം  തന്‍റെ പേരും ഉൾപ്പെടുത്തിയതിനെതിരെ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്. അച്ചടക്ക സമിതി പരിഗണിക്കുന്ന വിഷയം 'മീ റ്റൂ' ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐസിസി നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios