തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും എല്ലാ ഇന്ത്യക്കാർക്കും അതിൽ വേദനയുണ്ടെന്നും ആമിര്‍ ഖാന്‍

മുംബൈ: തുർക്കി പ്രസിഡന്‍റ് ഉർദുഗാനുമൊത്തുള്ള ഫോട്ടോയുടെ പേരിൽ തനിക്കെതിരെ നടന്ന ബഹിഷ്കരണാഹ്വാനത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ആമിർ ഖാൻ. 2017ൽ തുർക്കി പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആമിർ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയെ അദ്ദേഹം വിമർശിച്ചു.

തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും എല്ലാ ഇന്ത്യക്കാർക്കും അതിൽ വേദനയുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിയ്ക്ക് ആദ്യം സഹായമെത്തിച്ച രാജ്യങ്ങളിൽ ഇന്ത്യയുണ്ട്. അന്ന് തനിക്കോ സര്‍ക്കാരിനോ, പിന്നീട് തുര്‍ക്കി ഇങ്ങനെ ഇന്ത്യക്കെതിരെ തിരിയുമെന്ന് അറിയില്ലായിരുന്നുവെന്ന് ആമിര്‍ വ്യക്തമാക്കി. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2017ലും 2020ലും തുര്‍ക്കി പ്രസിഡന്‍റുമായും ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ആമിര്‍ ഖാന്‍ വ്യക്തത വരുത്തിയത്. ആമിറും ഉർദുഗാനും ഒരുമിച്ചുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി, പുറത്തിറങ്ങാനിരിക്കുന്ന 'സിത്താരേ സമീന്‍പർ'എന്ന സിനിമയ്ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു. തുർക്കി ഇന്ത്യക്കെതിരെ തിരിയുമെന്ന് ഏഴ് വർഷം മുൻപ് സന്ദർശനം നടത്തുന്ന സമയത്ത് തനിക്ക് അറിയില്ലായിരുന്നവെന്നാണ് ആമിർ ഖാന്‍റെ പ്രതികരണം.

തുര്‍ക്കിക്കെതിരായ ബഹിഷ്‌കരണ ആഹ്വാനങ്ങളെ ആമിർ ഖാൻ പിന്തുണച്ചു- "പ്രതിസന്ധിയിൽ സൌഹാർദപൂർവം നമ്മൾ തുർക്കിയെ സഹായിച്ചു. എന്നിട്ട് അവർ എന്താണ് നമ്മളോട് ചെയ്തത്? തുർക്കിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നവര്‍ ശരിയായ കാര്യമാണ് ചെയ്യുന്നത്. നമ്മളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുകയാണ് തുർക്കി. അവർക്ക് ആവശ്യം വന്നപ്പോൾ നമ്മള്‍ സഹായം നല്‍കി, പകരം അവര്‍ പാകിസ്ഥാനെ പിന്തുണച്ചു. ഇത് ശരിയല്ല" എന്നാണ് ആമിർ അഭിപ്രായപ്പെട്ടത്.