നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന 'പ്ലൂട്ടോ' എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിലെ അജു വർഗീസിന്‍റെ ലുക്ക് പുറത്ത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, അൽത്താഫ് സലീമാണ് ഏലിയനായി എത്തുന്നത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അജു വർഗീസ്. ആദ്യമെല്ലാം കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നതെങ്കിൽ ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങുമെന്ന് ഇതിനകം അജു തെളിയിച്ചു കഴിഞ്ഞു. സർവ്വം മായ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തതത്. പടം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ പുതിയ പടത്തിലെ അജുവിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന റോളിൽ എത്തുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം പ്ലൂട്ടോയിലെ ലുക്കാണിത്. ഒരു മാസ്സ് വില്ലൻ ലുക്കിലാണ് അജു എത്തുന്നത്. അജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ട ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് പുത്തൻ ലുക്ക് ഉള്ളത്. ടൈഗർ തമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ 'വാസു അണ്ണൻ 2.0', എന്നാണ് കമന്റുകൾ വരുന്നത്.
ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്ററുകളും കണ്ടെന്റുകളും നൽകുന്നത്. എങ്കിലും ചന്ദ്രികേ എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖന്റെ വ്യത്യസ്തമായ ആശയങ്ങളുടെയും ക്രിയേറ്റീവ് അവതരണവും ഈ ചിത്രത്തിനും വലിയ പ്രതീക്ഷ നൽകുന്നു.



