സാമ്രാട്ട് പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ എന്നിവയാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷേ അധികനാൾ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

ഴിഞ്ഞ കുറേക്കാലമായി ദയനീയ പരാജയങ്ങളാണ് ബോളിവുഡ് ചിത്രങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത്. വമ്പൻ ഹൈപ്പോടെ എത്തിയ സൂപ്പർ സ്റ്റാർ, ബി​ഗ് ബജറ്റ് ചിത്രങ്ങൾക്ക് പോലും ഫീൽഡിൽ പിടിച്ചു നിൽക്കാനായില്ല. ഇക്കൂട്ടത്തിൽ അവസാനത്തേതാണ് ഷംഷേര. തിയറ്ററുകളിൽ സമീപകാലത്തായി പരാജയങ്ങൾ ഏറ്റുവാങ്ങിയ താരമാണ് അക്ഷയ് കുമാർ(Akshay Kumar). രക്ഷാബന്ധൻ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. ഈ അവസരത്തിൽ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെപ്പറ്റിയുള്ള പുതിയ തീരുമാനങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ചെയ്യാനാണ് തന്റെ ശ്രമമെന്ന് അക്ഷയ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങൾ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നവയാണോ എന്ന് ഉറപ്പുവരുത്താറുണ്ട്. മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് ആയിരുന്നു നടന്റെ പ്രതികരണം. 

സൈക്കോ ത്രില്ലറോ സോഷ്യൽ ഡ്രാമയോ ആകട്ടെ. യാതൊരു മടിയുമില്ലാതെ കുടുംബങ്ങൾ കയറി കാണണം. കുടുംബങ്ങൾ കണ്ട് അവരുടെ മനസ് നിറയ്ക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് കരുതുന്നതെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. 

സാമ്രാട്ട് പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ എന്നിവയാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷേ അധികനാൾ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ആദ്യദിനങ്ങളിൽ തന്നെ വേണ്ടത്ര പ്രകടനം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചിരുന്നില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കാലിടറിയ ബോളിവുഡ്; കരകയറാൻ വഴി എന്ത്?

ധാക്കഡ്, ജേഴ്‌സി, ഷംഷേര തുടങ്ങി വമ്പൻ ചിത്രങ്ങൾക്കും തിയറ്ററുകളിൽ പോലും പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. ഷംഷേരയുടെ ഷോകൾ ചില തിയറ്ററുകൾ പിൻവലിച്ചെന്ന വാർത്തളും വന്നിരുന്നു. ഈ പരാജയങ്ങൾക്കിടയിൽ ഭൂൽ ഭൂലയ്യ 2, ​ഗം​ഗുഭായ് എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ബോളിവുഡിനെ അൽപമെങ്കിലും കൈപിടിച്ചുയർത്താൻ സാധിച്ചത്. ബോളിവുഡ് ബോക്സ് ഓഫീസിൽ അടിപതറിയെങ്കിലും തെന്നിന്ത്യൻ സിനിമകൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിരുന്നു. കെജിഎഫ്, പുഷ്പ, വിക്രം, ആർആർആർ തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡില്‍ നിന്നടക്കം മികച്ച കളക്ഷന്‍ നേടാനായിരുന്നു.