സോഷ്യൽ മീഡിയ താരമായ അൽ അമീന്റെ 'ഡർബി' എന്ന പുതിയ സിനിമയ്ക്കെതിരെ വ്യാപകമായ നെഗറ്റീവ് പ്രചാരണം നടക്കുന്നതായി ആരോപണം. ഇതൊരു ചെറിയ സിനിമയാണെന്നും, ചിലരെ നിർബന്ധിച്ച് നെഗറ്റീവ് പറയിപ്പിക്കുകയാണെന്നും അമീൻ പറയുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് അൽ അമീൻ. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകൾ ചെയ്ത് കയ്യടി നേടിയ അൽ അമീനും ​ഗ്യാങ്ങിനും ആരാധകരും ഏറെയാണ്. നിലവിൽ സിനിമയിലും വരവറിയിച്ചിരിക്കുകയാണ് അമീൻ. പ്രകമ്പനം എന്ന സിനിമയിലെ അമീന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം ഇറങ്ങിയത് ഡർബി എന്ന സിനിമയാണ്. ക്യാമ്പസ് പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം സജിൽ മമ്പാട് ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന് വരുന്ന നെ​ഗറ്റീവ് കമന്റുകളെ കുറിച്ച് അമീൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

പലരേയും കൊണ്ട് ഫോഴ്സ് ചെയ്ത് നെ​ഗറ്റീവ് പറയിപ്പിക്കുകയാണെന്നും തങ്ങളുടേത് ഒരു കുഞ്ഞ് സിനിമയാണെന്നും അൽ അമീൻ പറയുന്നു. നെ​ഗറ്റീവുകൾ പറഞ്ഞ് തുടക്കകാരാണ് കൊല്ലരുതെന്നും തൊഴുകയ്യുടെ ഇമോജിയോടെ അമീൻ കുറിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമയോടും കാണിക്കരുതെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

'ഞങ്ങളുടെ ഒരു സിനിമ ഇറങ്ങി ഡര്‍ബി. ചെറിയ ആര്‍ട്ടിസ്റ്റുകളെല്ലാവരും ചേര്‍ന്ന് അഭിനയിച്ച സിനിമയാണ്. വളരെ ചെറിയൊരു പടം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അത്യാവശ്യം നല്ല പ്രതികരണങ്ങളൊക്കെ കിട്ടി. ഉച്ചയായപ്പോഴേക്കും നെഗറ്റീവ് കമന്‍റുകളും വന്നു, ആളുകള്‍ക്ക് വര്‍ക്കായി കാണില്ലെന്നാണ് കരുതിയത്. പക്ഷേ പേഴ്സണലി പടം നല്ലതായിരുന്നുവെന്ന് പറഞ്ഞ് മെസേജ് വന്നു. 'നെഗറ്റീവ് റിവ്യൂ കേട്ട് പോയതാണ്. പക്ഷേ പടം നല്ല രസമുണ്ടെ'ന്നൊക്കെ പറഞ്ഞു. സിനിമയുമായി അങ്ങോട്ട് യോജിക്കാത്ത രീതിയിലുള്ള നെഗറ്റീവ് റിവ്യൂകള്‍ നമ്മള്‍ കണ്ടു. അതിന്‍റെ പിന്നാമ്പുറം അന്വേഷിച്ച് പോയപ്പോള്‍, 'ബ്രോ ഞങ്ങള്‍ പോസിറ്റീവ് ആണ് പറഞ്ഞത്. പക്ഷേ അവര്‍ നമ്മളോട് നെഗറ്റീവെ പറയാവൂ' എന്ന് പറഞ്ഞു. അവരെ കൊണ്ട് ഫോഴ്സ് ചെയ്ത് വീഡിയോ എടുപ്പിച്ചെന്ന് അവര്‍ തന്നെ പറയുന്നു, ഞങ്ങള്‍ ഏതാനും ഹൗസ് ഫുള്‍ ഷോയ്ക്ക് പോയിരുന്നു. അടിപൊളി പടമാണെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളുടെ സിനിമ വലിയൊരു പടമല്ല. പോരായ്മകള്‍ എല്ലാം ഉണ്ട്. പക്ഷേ ഈ കണ്ട നെഗറ്റീവ്സിന് വേണ്ടിയുള്ളതൊന്നും പടത്തിലില്ല. ഞങ്ങളുടെ പോസ്റ്ററിന് പുറത്ത് വേറൊരു പോസ്റ്റര്‍ ഒട്ടിക്കുക. നമുക്കെതിരെ നല്ല ഹേയ്റ്റ് ക്യാമ്പെയ്ന്‍ നടത്തുന്നു. അതെന്തിനാണെന്ന് മനസിലാകുന്നില്ല. നമ്മള്‍ ചെറിയ ആര്‍ട്ടിസ്റ്റുകളാണ്. തുടക്കക്കാരാണ്. ഒരിക്കലും ഇങ്ങനെ ഒരു സിനിമയ്ക്ക് ചെയ്യരുത്. ഇത് പറയണമെന്ന് തോന്നി', എന്നായിരുന്നു അൽ അമീന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming