സന്താന ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത് 1981 ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്.

ചെന്നൈ: തമിഴില്‍ പ്രശസ്തനായ നടന്‍ ആര്‍എസ് ശിവാജി ശനിയാഴ്ച രാവിലെയാണ് ചെന്നൈയില്‍ അന്തരിച്ചത്. പഴയകാല നിര്‍മ്മാതാവും നടനുമായ എംആര്‍ സന്താനത്തിന്‍റെ മകനാണ് ആര്‍എസ് ശിവാജി. ഇദ്ദേഹത്തിന്‍റെ സഹോദരനാണ് സംവിധായകന്‍ സന്താന ഭാരതി. അന്തരിക്കുമ്പോള്‍ ആര്‍എസ് ശിവാജിക്ക് 66 വയസായിരുന്നു. 

സന്താന ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത് 1981 ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കമല്‍ഹാസന്‍ ചിത്രങ്ങളിലൂടെയാണ് ആര്‍എസ് ശിവാജി പ്രശസ്തനായത്. മൈക്കല്‍ മദന്‍ കാമരാജ്, വിക്രം, സത്യ, അന്‍പേ ശിവം തുടങ്ങിയ സിനിമകളിലെ ഇദ്ദേഹത്തിന്‍റെ റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ ഹാസന്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലും ശിവാജിക്ക് വേഷമുണ്ടായിരുന്നു. 

അപൂര്‍വ്വ സഹോദരങ്ങളില്‍ ഇദ്ദേഹവും ജനകരാജും ചേര്‍ന്നുള്ള കോമഡി രംഗങ്ങള്‍ ഏറെ പ്രശസ്തമാണ്. "സര്‍ നിങ്കെ എങ്കയോ പോയിട്ടെന്‍ സാര്‍" എന്ന ശിവാജിയുടെ വരികള്‍ ഇന്നും തമിഴിലെ പ്രധാന മീമുകളില്‍ ഒന്നാണ്. 

കുറേ വര്‍ഷങ്ങളായി വളരെക്കുറച്ച് ചിത്രങ്ങളിലെ ശിവാജി അഭിനയിച്ചിരുന്നുള്ളൂ. കോമഡി റോളുകള്‍ ഉപേക്ഷിച്ച് ഇദ്ദേഹം പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു. അടുത്തിടെ കൊലമാവ് കോകില, ഗാര്‍ഗി എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗി ബാബു നായകനായ ലക്കി മാന്‍ എന്ന ചിത്രത്തിലാണ് അവസാനമായി ശിവാജി അഭിനയിച്ചത്. 

നടന്‍ എന്നതിന് പുറമേ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസുമായി അടുത്ത ബന്ധം സുക്ഷിച്ച വ്യക്തിയായിരുന്നു ആര്‍എസ് ശിവാജി. നടന്‍ എന്നതിന് പുറമേ സഹസംവിധായകന്‍, സൌണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഇങ്ങനെ പല ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

ജേസണ്‍ സഞ്ജയ്‍ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കരാറില്‍ ഒപ്പിട്ടത് വിജയ് അറിയാതെ ?

ഒരിക്കല്‍ തിരക്കേറിയ നടന്‍, ഇന്ന് സഹപ്രവര്‍ത്തകര്‍ പോലും അന്വേഷിക്കുന്നില്ല: വേദനയായി ടിപി മാധവന്‍റെ ജീവിതം

Asianet News Live