നടൻ ഇബ്രാഹിംകുട്ടി വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഏകീകൃത പരീക്ഷയുടെ പേരിൽ ചോദ്യക്കച്ചവടം നടത്തി രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം.
വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. ഭയപ്പെടുത്തിയും അടിച്ചമര്‍ത്തിയും എത്രകാലം രാജ്യത്തെ യുവതയുടെ രോഷം കണ്ടില്ലെന്ന് നടിക്കുമെന്ന് ചോദിച്ച് ഇബ്രാഹിംകുട്ടി, ഒരു ഏകാധിപതിക്കും അതിന് കഴിയില്ലെന്ന പ്രഖ്യാപനമാണ് ഡല്‍ഹിയില്‍ അടിച്ചാലും തല പൊളിച്ചാലും സംഘടിച്ച് ഉയിര്‍ത്തു വരുന്ന യുവജനങ്ങള്‍ വിളിച്ചുപറയുന്നതെന്ന് പറഞ്ഞു. ഏകീകൃത പരീക്ഷയെന്ന് ഓമനപ്പേരിട്ട് ചോദ്യക്കച്ചവടം നടത്തിയവര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുകയാണെന്നും പിടിക്കപ്പെടുമ്പോള്‍ ടെലിഗ്രാമോ ഏതെങ്കിലും ആപ്പുകളോ കുറച്ചു ദിവസത്തേക്ക് നിരോധിച്ച് ജനത്തിന്റെ കണ്ണില്‍ പൊടിയിടുമെന്നും അദ്ദേഹം ആരോപിച്ചു.
ഇബ്രാഹിംകുട്ടിയുടെ വാക്കുകൾ ഇങ്ങനെ
ഭയപ്പെടുത്തി, അടിച്ചമര്‍ത്തി എത്രകാലം രാജ്യത്തെ യുവതയുടെ രോഷം കണ്ടില്ലെന്ന് നടിക്കും. ഒരു ഏകാധിപതിക്കും അതിന് കഴിയില്ലെന്ന പ്രഖ്യാപനമാണ് ഡല്‍ഹിയില്‍ അടിച്ചാലും തല പൊളിച്ചാലും സംഘടിച്ച് ഉയിര്‍ത്തു വരുന്ന യുവജനങ്ങള്‍ വിളിച്ചുപറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പരീക്ഷാ തട്ടിപ്പിലും സമ്മര്‍ദ്ദത്തിലും കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട 90 ലധികം വിദ്യാര്‍ത്ഥികള്‍, ഏകീകൃത പരീക്ഷയെന്ന് ഓമനപ്പേരിട്ട് ചോദ്യക്കച്ചവടം നടത്തിയവര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുകയാണ്. പിടിക്കപ്പെടുമ്പോള്‍ ടെലിഗ്രാമോ ഏതെങ്കിലും ആപ്പുകളോ കുറച്ചു ദിവസത്തേക്ക് നിരോധിച്ച് ജനത്തിന്റെ കണ്ണില്‍ പൊടിയിടല്‍. ഒടുവില്‍ യുവതയൊന്നാകെ ഇരമ്പിയെത്തിയപ്പോള്‍ അവരുടെ തല തല്ലിപ്പൊളിക്കാന്‍ പോലീസും പട്ടാളവും കൂടാതെ വടിയെടുത്തിറക്കിയിരിക്കുന്ന ഗുണ്ടാസംഘവും. ഇതെവിടത്തെ ജനാധിപത്യം.
ജന്തര്‍മന്ദിറില്‍ നടക്കുന്നത് വെറും പരീക്ഷ ക്രമത്തിലാക്കാനുള്ള വെറും സമരമല്ല, ഇന്ത്യന്‍ ജനാധിപത്യം തിരിച്ചു പിടിക്കാനുള്ള സമരം കൂടിയാണ്. അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു. യുവത വഴികാട്ടുന്നു, നമ്മള്‍ ആ വെളിച്ചത്തില്‍ നടക്കുക. അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയുടെ വെളിച്ചം തെളിക്കുന്ന ഈ സമരത്തിനൊപ്പം. വിദ്യാർത്ഥികൾക്കൊപ്പം..



