തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം നടൻ വിജയ് അഭിനയരംഗത്തോട് വിടവാങ്ങുന്ന അവസാന ചിത്രമായ 'ജനനായകൻ' തിയേറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. '

'ഇന്ത മൂഞ്ചിയെ പാക്ക യാരാവത് വരുവാങ്കല', ഒരുകാലത്ത് നടൻ വിജയിയെ കുറിച്ച് പലരും പരിഹാസത്തോടെ ചോദിച്ച ചോദ്യമായിരുന്നു ഇത്. പിന്നീട് തമിഴ് സിനിമയുടെ മുഖമായി മാറിയ താരം ദളപതി വിജയ് ആയി പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടംപിടിച്ചു. പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ആരാധകരാക്കുകയും ചെയ്ത വിജയ് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിയാണ്. തതവസരത്തിൽ തന്റെ ബി​ഗ് സ്ക്രീൻ വിളയാട്ടത്തിന് വിജയ് ഇന്ന് സമാപനം കുറിക്കും. തങ്ങളുടെ പ്രിയ താരത്തിന്റെ അവസാന ചിത്രം ജനനായകൻ കാണാനായി വൻ ജനക്കൂട്ടമാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ അണിചേർന്നത്. ഇതിനിടെ സിനിമയുടെ ടൈറ്റിൽ കാർഡ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

'ഹോണറബിൾ ചീഫ് മിനിസ്റ്റർ ഓഫ് തമിഴ്നാട്, ദളപതി ജോസഫ് വിജയ്' എന്നാണ് ടൈറ്റിൽ കാർഡ്. ബി​ഗ് സ്ക്രീനിൽ ഇത് എഴുതി കാണിച്ചപ്പോൾ ചെറുതല്ലാത്ത ആവേശമാണ് ആരാധകർക്കിടയിൽ കാണാനായത്. കരഘോഷങ്ങൾ മുഴക്കിയും ആർപ്പുവിളിച്ചും ആണ് അവരത് ആഘോഷമാക്കിയത്. കേരളത്തിൽ ഇന്ന് രാവിലെ ആറ് മണിക്ക് ആദ്യ ഷോ ആരംഭിച്ചിരുന്നു. തിയറ്ററുകളിൽ എല്ലാം തന്നെ വിജയ് ആരാധകരുടെ തിരക്കാണ്. ആട്ടവും പാട്ടും എല്ലാമായി വിജയ്ക്ക് യാത്രയയപ്പ് നൽകാൻ തിയറ്ററിൽ ആരാധകർ സജീവമായി തന്നെയുണ്ട്. ഇനിയും സിനിമകൾ വിജയ് ചെയ്യണമെന്ന ആവശ്യവും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് ജനനായകൻ. ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ പക്ഷേ സെൻസർ പ്രശ്നത്തിൽ അകപ്പെട്ട് റിലീസ് നീണ്ടുപോയി. ഇടയിൽ സിനിമ ഇന്റർനെറ്റിൽ ലീക്കാവുകയും ചെയ്തതതോടെ ജനനായകൻ തിയറ്ററിൽ കാണാൻ പറ്റുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. കാത്തിരിപ്പിന് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തുകയും ചെയ്തു. അതും വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയ ശേഷം. കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ജന നായകൻ നിർമ്മിച്ചത്.

Scroll to load tweet…

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നനുണ്ട്. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming