സിജെപി സമരത്തിന് പണം വാങ്ങിയാണ് പോയതെന്ന ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിന് പരിഹാസത്തോടെ മറുപടി നൽകി രഞ്ജിനി ഹരിദാസ്. തനിക്ക് സ്റ്റേജ് ഷോ ഇല്ലാത്തതുകൊണ്ടാണ് പോയതെന്നും അങ്ങനെയൊരാളെ കേട്ടിട്ടുപോലുമില്ലെന്നും രഞ്ജിനി പ്രതികരിച്ചു. പണിയില്ലാത്തതുകൊണ്ട് ഇനിയും പ്രതിഷേധ വേദികളിൽ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
കൊച്ചി: പൈസ വാങ്ങി സിജെപി സമരത്തിന് പോയി എന്ന് ആക്ഷേപിച്ച ബി ഗോപാലകൃഷ്ണന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. അങ്ങനെ ഒരാളെ കേട്ടിട്ട് പോലും ഇല്ലെന്ന് പരിഹാസത്തോടെ രഞ്ജിനി ഹരിദാസ് തിരിച്ചടിച്ചു. എത്ര ഫണ്ടാണ് വിദേശത്ത് നിന്ന് കിട്ടിയത് എന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു. തനിക്ക് രണ്ട് ദിവസം സ്റ്റേജ് ഷോ ഇല്ലായിരുന്നു, അതുകൊണ്ടാണ് പോയതെന്നും സർക്കാസം നിറച്ച് രഞ്ജിനി പ്രതികരിച്ചു. ഈ വിഷയത്തിൽ ശബ്‍ദം ഉയർത്തി സംസാരിക്കണം എന്ന് തോന്നി, താൻ സംസാരിച്ചു. സംസാരിച്ച് തുടങ്ങിയാൽ കുറെ ആളുകൾ കയ്യടിക്കും, ചിലര്‍ കൂവും. ഇത് പത്തിരുപത് വർഷമായി അനുഭവിക്കുന്നതാണ്. പണി ഒന്നും ഇല്ലാത്തോണ്ട് പ്രതിഷേധ വേദികളിൽ ഉണ്ടായിരിക്കുമെന്ന് ബി ഗോപാലകൃഷ്ണനോട് പറഞ്ഞേക്കൂ എന്നും ഒടുവിൽ രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു.
പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയോണ്ട് അങ്ങോട്ട് പോയി എന്നും ബിജെപി നേതാവ് പരിഹസിച്ചു. പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കൈയിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ്, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അപമാനിച്ച് ബി ഗോപാകൃഷ്ണൻ പറഞ്ഞു. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളുവെന്നും ബിജെപി നേതാവ് പറഞ്ഞു.
രഞ്ജിനി ഹരിദാസ് സമര വേദിയിൽ
കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് സമര വേദിയിൽ എത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയതെന്ന് രഞ്ജിനി പറഞ്ഞു.


