പുതിയ സംരഭത്തെ കുറിച്ച് ചലച്ചിത്ര താരം അഞ്‍ജലി നായര്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പു സമയത്ത് തോല്‍വിക്ക് പിന്നാലെ നിരവധി ട്രോളുകളും അഞ്ജലിയ്ക്ക് നേരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകൾക്കു ശേഷം ഇപ്പോഴിതാ സ്വന്തം സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി നായർ.

''നവരംഗ് ബൈ അഞ്ജലി നായര്‍ - പുതിയൊരു അധ്യായത്തിന് തുടക്കം.ഞങ്ങളോടൊപ്പം ചേര്‍ന്ന എല്ലാവരുടെയും സ്‌നേഹവും സാന്നിധ്യവും കൊണ്ട് ഏറെ പ്രിയപ്പെട്ടതായി മാറിയ ഒരു മനോഹരമായ തുടക്കം. വര്‍ണ്ണങ്ങളും പാരമ്പര്യവും ചാരുതയും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട്, 2026 ഓഗസ്റ്റ് 20-ന് 'നവരംഗ് 'ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വൃദ്ധസദനത്തില്‍ നിന്നുള്ള പ്രിയപ്പെട്ട നാല് അമ്മമാരാണ് ഞങ്ങളുടെ ഈ പുതിയ സംരംഭം ഉദ്ഘാടനം ചെയ്തത്. അവരുടെ സാന്നിധ്യവും അനുഗ്രഹങ്ങളുമാണ് ഈ നിമിഷത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണവും സവിശേഷവുമാക്കിയത്.ഈ വിശേഷപ്പെട്ട ദിവസം ഞങ്ങളോടൊപ്പം ആഘോഷിക്കുകയും നവരംഗ് കഥയുടെ ഭാഗമാവുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.പുതിയ തുടക്കങ്ങള്‍ക്കും, പരമ്പരാഗത ഭംഗിക്കും, ഇനിയും ഒരുമിച്ച് പങ്കുവെക്കാനുള്ള മനോഹരമായ ഓര്‍മ്മകള്‍ക്കുമായി... നവരംഗ് ബൈ അഞ്ജലി നായരിലേക്ക് ഏവര്‍ക്കും സ്വാഗതം!'', അ‍ഞ്ജലി നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിനിമാ, സീരിയൽ താരം കൂടിയാണ് അഞ്ജലി നായർ. 'ദൃശ്യം' രണ്ടാം ഭാഗത്തിൽ കഥയിലെ പ്രധാന ട്വിസ്റ്റുകളിൽ ഒന്നായിരുന്നു നടി അഞ്ജലി നായർ അവതരിപ്പിച്ച കഥാപാത്രത്തിന്റേത്. അഞ്ജലിയുടെ മകൾ ആവണി മലയാളം, തമിഴ് സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച ബാലതാരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക