ആദിലയെയും നൂറയെയും കുറിച്ച് അനുമോള്‍.
ബിഗ് ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. പട്ടായ ഗേൾസ് എന്നാണ് ഇവരുടെ ഗ്യാങ്ങ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു. തനിക്ക് സുഖപ്പെടാൻ സമയം വേണം എന്നാണ് ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അനുമോൾ പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ മൂവരും ഒരു ചടങ്ങിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുമോൾ. നമ്മളൊക്കെ മനുഷ്യരല്ലേ എന്നും സഹിക്കാനും ക്ഷമിക്കാനും അറിയാമെന്നും അനുമോൾ പറയുന്നു.
''അവിടെ പോയതുകൊണ്ടു മാത്രം അവരോട് മിണ്ടിയതല്ല. അല്ലെങ്കിലും മിണ്ടാൻ വേണ്ടിത്തന്നെ ഇരിക്കുകയായിരുന്നു. അവിടെച്ചെന്നപ്പോൾ എന്തായാലും നമ്മൾ കണ്ടതല്ലേ. അപ്പോൾ അവിടുന്നു മിണ്ടി. മെസേജ് അയക്കാറും വിളിക്കാറുമൊക്കെയുണ്ട് ഇപ്പോൾ. മനുഷ്യരല്ലേ. ഞാൻ അവരോട് മിണ്ടുന്നത് അംഗീകരിക്കാൻ ഇപ്പോഴും പലർക്കും ബുദ്ധിമുട്ടാണ്. സഹിക്കാനും ക്ഷമിക്കാനും പറ്റുന്നത് മനുഷ്യനു മാത്രമാണ്. അത്രയേ ഉള്ളൂ. സഹിക്കുക, ക്ഷമിക്കുക'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ പറഞ്ഞു.
ഷിയാസ് കരീമാണ് ആദിലക്കും നൂറക്കും അനുമോൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ബിഗ് സ് സീസൺ 7 ലെ മൂന്ന് രാജകുമാരികൾ' എന്ന ക്യാപ്ഷനോടെയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്.
