ഭര്‍ത്താവിനെ ഒന്നും പറയാൻ അനുവദിക്കുന്നില്ല, ഭുവൻ ഷൈ ആണ് എന്നൊക്കെയുള്ള കമന്റുകൾക്ക് മറുപടിയാണ് താരം പറയുന്നത്.
വിവാഹവീഡിയോകൾക്കു താഴെ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടി അനുമോൾ. അനു ഓവറാക്കുകയാണ്, ആരെയോ കാണിക്കാൻ വേണ്ടിയുള്ള പ്രഹസനമാണ്, ഭുവനെ ഒന്നും പറയാൻ അനുവദിക്കുന്നില്ല, ഭുവൻ ഷൈ ആണ് എന്നൊക്കെയുള്ള കമന്റുകൾക്ക് മറുപടിയാണ് താരം പറയുന്നത്. ജീവിതത്തിലെ ഒരു സന്തോഷകരമായ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും അത് മനസിലാക്കാൻ ശ്രമിക്കണമെന്നും അനുമോൾ പറയുന്നു.
''വ്‌ളോഗിന് താഴെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. അതിനെ കുറിച്ച് ഒരു ചെറിയ കാര്യം പറയാനുണ്ട്. ഇത്രയും നാൾ എന്റെ വ്‌ലോഗുകളിൽ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് സംസാരിക്കുന്ന രീതിയും എനർജിയും നിങ്ങൾക്ക് പരിചിതമായിരുന്നു. ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി കൂടി വന്നിരിക്കുന്നു. സ്വാഭാവികമായും അതിന്റെ സന്തോഷവും ആവേശവും എന്റെ സംസാരത്തിലും പെരുമാറ്റത്തിലും കാണും. കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടി പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സമയമാണ് ഇത്. സന്തോഷം കുറച്ച് കൂടുതൽ ആയിരിക്കാം, സംസാരവും കുറച്ച് കൂടുതൽ ആയിരിക്കാം. അതിനെ ഓവർ എന്ന് കാണാതെ ആ നിമിഷത്തിന്റെ സന്തോഷമായി കാണാൻ ശ്രമിക്കണം.
എന്റെ ഭർത്താവ് മലയാളിയല്ല, തമിഴ്‌നാട്ടുകാരനാണ്. പുതിയൊരു ഭാഷയും പുതിയ ആളുകളെയും നേരിടുമ്പോൾ ആരും കുറച്ച് ഷൈ ആകും. അദ്ദേഹം കുറച്ച് മിണ്ടാതെയോ സംയമനത്തോടെയോ ഇരിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സ്വഭാവം മാത്രമാണ്, മറ്റൊന്നുമല്ല. ഞാൻ ഇന്നും പഴയ അനുമോൾ തന്നെയാണ്. ഓവറാക്കാനോ ആരെയും കാണിക്കാനോ ഒന്നും ശ്രമിക്കുന്നില്ല. ജീവിതത്തിലെ ഒരു സന്തോഷകരമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ആ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്നതിലുപരി മറ്റൊന്നുമില്ല. സ്‌നേഹത്തോടെ കൂടെയുണ്ടാകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി'', എന്നാണ് അനുമോൾ വീഡിയോയിൽ പറയുന്നത്.
