അനുമോള്‍ മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സീരീസിന്റെ ട്രെയിലറും പുറത്ത്.
യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് 'അയാലി' 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോള്‍ 'കുറുവമ്മാള്‍' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അയാലി' സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. 'വീരപ്പണ്ണായി 'ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
'അയാലി' നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സംഗീതംഛ രേവാ, എഡിറ്റര്‍ ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി എന്നിവരാണ് അണിയറയില്‍. മഥന്‍, ലിങ്ക, സിങ്കാംപുലി, ധര്‍മ്മരാജ്, ലവ്‌ലിന്‍, തുടങ്ങി വന്‍ താരനിരയിലാണ് അയാളി ഒരുക്കിയത്. അതിഥി താരമായി ലക്ഷ്‍മി പ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരും എത്തുന്നു.
എസ്‌ട്രെല്ല പ്രൊഡക്ഷന്റെ ബാനറില്‍ കുഷ്മാവതി നിര്‍മ്മിക്കുന്ന സീരിസിന്റെ കഥ നടക്കുന്നത് തിമിഴ് ഗ്രാമത്തിലാണ് ആചാരാനുഷ്ഠാനങ്ങളെ ബന്ധപ്പെടുത്തി ഋതുമതിയാകുന്ന മുറയ്ക്ക് പെണ്‍കുട്ടികളെ വിവാഹം നടത്തുന്ന പരമ്പരാഗത ഗ്രാമത്തില്‍ നിന്നും ഡോക്ടറാകണം എന്ന ആഗ്രഹത്തോടെ ജീവിക്കുന്ന തമിഴ് എന്ന് പേരുള്ള പെണ്‍കുട്ടിയായി അഭിനക്ഷത്രയും അമ്മ 'കുറുവമ്മാളാ'യി അനുമോളും വേഷമിടുന്നു. പുതുക്കോട്ടൈ തമിഴ് ശൈലിയില്‍ അനുമോള്‍ തന്നെയാണ് 'അയാലി'യില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് തമിഴില്‍ അനുമോള്‍ ഡബ്ബ് ചെയ്യുന്നത്.
അനുമോള്‍ നേരത്തെ 'ഒരുനാള്‍ ഇരവില്‍', 'തിലഗര്‍', 'കണ്ണുക്കുള്ളൈ', 'രാമര്‍', 'സൂറന്‍', 'മഗ്‍ഴ്‍ചി' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം തമിഴില്‍ 'ഫറാന' എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് 'അയാലിട എത്തുന്നത്. മലയാളത്തില്‍ 'ത തവളയുടെ ത', 'വൈറല്‍ സെബി', 'പെന്‍ഡുലം' തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് അനുമോളുടേതായി പുറത്താനിരിക്കുന്നത്. ആദ്യമായി സംസ്‌കൃതത്തില്‍ ചെയ്‍ത 'തയ' നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
