ബിഗ് ബോസിലേക്ക് പോകാനുള്ള കാരണം തുറന്നുപറഞ്ഞ് ആര്യ.
ബിഗ് ബോസിൽ മൽസരിക്കാനുണ്ടായ കാരണവും അതിനു ശേഷം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും തുറന്നുപറഞ്ഞ് നടിയും അവതാരകയും സംരംഭകയുമായ ആര്യ ബഡായ്. നടി അശ്വതി അശോക് വിശാലിന്റെ പോഡ്‌കാസ്റ്റിലാണ് ആര്യ തന്റെ ബിഗ് ബോസ് അനുഭവങ്ങളും അതിന് ശേഷമുണ്ടായ സംഭവങ്ങളും പങ്കുവെച്ചത്.
''ബിഗ് ബോസിലേക്ക് പോകാനുള്ള കാരണം സാമ്പത്തികമായിരുന്നു. അച്ഛൻ ആശുപത്രിയിലായപ്പോൾ ഞങ്ങളുടെ സമ്പാദ്യം പൂർണമായും ഇല്ലാതായി. ഞാൻ അത്രയും കാലം ഉണ്ടാക്കിയത് മുഴുവനും അച്ഛന്റെ ചികിൽസക്കും കാര്യങ്ങൾക്കും പോയി. അപ്പോഴേക്കും ഞാൻ ചെയ്ത് കൊണ്ടിരുന്ന ബഡായി ബംഗ്ലാവ് ഷോയും അവസാനിച്ചിരുന്നു. അപ്പോഴാണ് ബിഗ് ബോസിൽ നിന്നുള്ള ഓഫർ വരുന്നത്. നല്ലാെരു ഓഫറായതിനാൽ നോ പറയാനായില്ല. അച്ഛൻ പോയി. ഇനി ആ കുടുംബം ഞാൻ നോക്കണം എന്നതായിരുന്നു ചിന്ത. എന്റെ പ്രധാന ആശങ്ക അനിയത്തിയുടെ വിവാഹമായിരുന്നു. അവളുടെ കല്യാണത്തിന് വേണ്ടി അച്ഛനുണ്ടാക്കി പെെസയെല്ലാം ആശുപത്രിയിൽ കൊടുത്തു. അതുകൊണ്ട് ബിഗ് ബോസിലെ അവസരം എനിക്ക് ദെെവമായി തന്നതാണെന്നാണ് തോന്നിയത്'', ആര്യ പറഞ്ഞു.
ബിഗ്ബോസിൽ നിന്നും പുറത്തുവന്നതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ''കോവിഡിനെ തുടർന്ന് ബിഗ് ബോസ് സീസൺ 2 നിർത്തിവെച്ചിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന മത്സരാർഥികൾക്ക് സുഹൃത്തുക്കളും കുടുംബവും നൽകുന്ന പിന്തുണ വലിയൊരു ആശ്വാസമാകാറുണ്ട്. എന്നാൽ ഞങ്ങളുടെ സീസണിൽ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല. 75 ദിവസത്തെ ലോക്ക്ഡൗണിൽ നിന്ന് ഇറങ്ങി വന്നത് അടുത്ത ഒരു വലിയ ലോക്ക്ഡൗണിലേക്കായിരുന്നു. മാസ്ക് ധരിച്ച ആളുകൾക്ക് പരസ്പരം മുഖത്ത് നോക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ പിന്തുണക്കും എന്ന് കരുതിയ വ്യക്തി ഞാൻ പുറത്ത് വരുമ്പോൾ ഇല്ല. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചാണ് ആശ്വസിപ്പിച്ചിരുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയത്'', എന്നും ആര്യ കൂട്ടിച്ചേർത്തു.
