ആർത്തവാവധിയിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്നു ദിവസത്തെ ആര്‍ത്തവാവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് പല പ്രതികരണങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.

സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ..'', അശ്വതി ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നേരത്തെ മുൻ ഡി ജി പിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖയും വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദുമടക്കമുള്ളവർ ആർത്തവ അവധി, പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും ആയിരുന്നു ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു. എന്നാൽ, ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യമാണെന്നാണ് മന്ത്രി കെ എ തുളസി പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക