മാര്‍ച്ചില്‍ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്ഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്. 

കൊച്ചി: മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ മലയാള സിനിമകളുടെ കണക്ഷന്‍ കണക്കുകള്‍ കുറച്ച് ദിവസം മുന്‍പാണ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിമാസ കണക്കുകള്‍ ഇവര്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഫെബ്രുവരി മാസത്തെ ലിസ്റ്റ് മാര്‍ച്ച് 19 ന് എത്തിയിരുന്നുവെങ്കില്‍ മാര്‍ച്ച് ലിസ്റ്റ് ഏപ്രിലില്‍ വൈകിയാണ് പുറത്തെത്തുന്നത്. 

കണക്ക് പ്രകാരം 15 സിനിമകളാണ് മാര്‍ച്ച് മാസത്തില്‍ മലയാളത്തില്‍ നിന്ന് തിയറ്ററുകളില്‍ എത്തിയത്. ഇത് പ്രകാരം കാര്യമായ നേട്ടം ഉണ്ടാക്കാനായത് മോഹന്‍ലാല്‍ ചിത്രം എമ്പുരാന് മാത്രമാണ്. 175 കോടി ബജറ്റില്‍ എത്തിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് (മാര്‍ച്ച് 27 റിലീസ്) 24.6 കോടി കേരളത്തില്‍ നിന്ന് തിയറ്റര്‍ ഷെയര്‍ ഇനത്തില്‍ നേടിയിട്ടുണ്ടെന്നാണ് ലിസ്റ്റില്‍ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ലിസ്റ്റ് പുറത്തുവിടുന്നതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് പോലുള്ള സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവ് ഇദ്ദേഹം. ഇത്തരത്തില്‍ കണക്കുകള്‍ പുറത്തുവിടുന്നത് "ഏഭ്യത്തരം" എന്നാണ് നിര്‍മ്മാതാവ് വിശേഷിപ്പിക്കുന്നത്. അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ " കണക്ക് പുറത്തു വിടൽ പണി " എന്നും നിര്‍മ്മാതാവ് പറയുന്നു.

ഇതിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് അമ്മ ഭാരവാഹിയും നടനുമായ ബാബുരാജ്. സന്തോഷ് ടി കുരുവിളയുടെ പോസ്റ്റിലെ ഒരു ഭാഗത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത്, ഞാന്‍ സന്തോഷ് ടി കുരുവിളയെ പിന്തുണയ്ക്കുന്നു എന്നാണ് ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സന്തോഷ് ടി കുരുവിളയുടെ കുറിപ്പില്‍ നിന്നും ബാബുരാജ് ഷെയര്‍ ചെയ്ത ഭാഗം

വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിലയ്ക്കുക തന്നെ ചെയ്യും , ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ് , അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും , സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ് , എല്ലാവർക്കും അത് സാധ്യവുമല്ല , കേവലമായ ലാഭത്തിന്‍റെ ഭാഷ മാത്രമല്ല അത് , അതൊരു പാഷനാണ് , മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും , ചിലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും , അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയു " വിഷൻ " അനുസരിച്ചാവും , ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട് , അത് അറിയാതെ പോവരുത് .
പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും , പാമ്പാട്ടികൾ കരയേണ്ടതില്ല .
മാറ്റമില്ലാത്തത് എന്തിനാണ് ? സിനിമകൾ മാറട്ടെ , നിക്ഷേപ സാധ്യതകളും മാറട്ടെ , ഈ രംഗം മാനം മുട്ടെ വളരട്ടെ !