കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളിലെ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് സിനിമാ സംഘടനകള്‍ തീരുമാനമെടുത്തിരുന്നു. ടൊവീനോ തോമസും ജോജു ജോര്‍ജ്ജും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനു പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യപ്രകാരം അവര്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാരായിരുന്നു. നടന്‍ ബൈജുവിന്‍റെ പേരിലാണ് ഇത്തരത്തിലൊരു ആക്ഷേപം കഴിഞ്ഞ ദിവസം ഉയര്‍ന്നത്. എബ്രഹാം മാത്യു നിര്‍മ്മിച്ച്, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് ബൈജു എട്ട് ലക്ഷത്തിന്‍റെ കരാറാണ് ഒപ്പിട്ടതെന്നും എന്നാല്‍ 20 ലക്ഷമാണ് ആവശ്യപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. തുക പൂര്‍ണ്ണമായും ലഭിക്കാതെ ഡബ്ബിംഗിന് തയ്യാറല്ലെന്നാണ് ബൈജുവിന്‍റെ നിലപാടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 'മരട് 357'ല്‍ അഭിനയിക്കുന്നതിനായി താന്‍ ഒപ്പുവച്ച കരാറില്‍ എട്ട് ലക്ഷമല്ല, മറിച്ച് 20 ലക്ഷമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ബൈജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു.

"ഇതേ നിര്‍മ്മാതാവിന്‍റെ കഴിഞ്ഞ ചിത്രം പട്ടാഭിരാമനില്‍ ഞാന്‍ അഭിനയിച്ചത് 15 ലക്ഷം രൂപയ്ക്കാണ്. അതുകഴിഞ്ഞിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞു. അതിനുശേഷം പ്രതിഫലം ഞാന്‍ 20 ലക്ഷം രൂപ ആക്കിയിരുന്നു. കൊറോണയ്ക്കൊക്കെ മുന്‍പുതന്നെ. ആ പ്രതിഫലത്തിനാണ് അഭിനയിച്ചുകൊണ്ടിരുന്നത്. മിന്നല്‍ മുരളി, പുതുതായി ചെയ്യാമെന്നേറ്റിരിക്കുന്ന മറ്റു സിനിമകളൊക്കെ 20-22 ലക്ഷം രൂപയ്ക്കാണ് കമ്മിറ്റ് ചെയ്തിരുന്നത്. ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ് തുക സഹിതം ഈ സിനിമയുടെ എഗ്രിമെന്‍റ് ഞാന്‍ എഴുതി ഒപ്പിച്ചു കൊടുത്തത്. അമീര്‍ എന്ന, നിര്‍മ്മാതാവിന്‍റെ മാനേജരുടെ കയ്യിലാണ് കൊടുത്തത്. ഇപ്പോള്‍ നിര്‍മ്മാതാവ് പറയുന്നത് ഇങ്ങനെ ഒരു എഗ്രിമെന്‍റ് കണ്ടിട്ടില്ലെന്നാണ്. എട്ട് ലക്ഷം രൂപയാണ് പുള്ളി തരാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും. അങ്ങനെയാണെങ്കില്‍ ഷൂട്ടിംഗിന് മുന്‍പെ പറയണ്ടേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോഴും ഞാന്‍ പറഞ്ഞു, 20 ലക്ഷമെന്നുള്ളത് അഞ്ച് ലക്ഷം ഞാന്‍ കുറച്ചുതരാം, 15 ലക്ഷം തന്നാല്‍ മതി. അതില്‍ ആറ് ലക്ഷം തന്നിരുന്നു, ബാക്കി ഒന്‍പത് ലക്ഷം ഇനി തന്നാല്‍ മതിയെന്ന്. അങ്ങനെയാണ് ഞാന്‍ പറഞ്ഞത്, അല്ലാതെ 20 ലക്ഷം വേണമെന്ന് ഞാന്‍ വാശി പിടിച്ചിട്ടൊന്നുമില്ല. എട്ട് ലക്ഷത്തിന് ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞതിന്‍റെ എഗ്രിമെന്‍റ് ഉണ്ടെങ്കില്‍ പുള്ളി ഒന്ന് കാണിക്കട്ടെ", ബൈജു പറയുന്നു.

പതിനഞ്ച് ലക്ഷത്തില്‍ ബാക്കി കിട്ടാനുള്ള ഒന്‍പത് ലക്ഷം ലഭിക്കാതെ ഡബ്ബിംഗിന് എത്തില്ലെന്നാണ് ബൈജുവിന്‍റെ തീരുമാനം. അതേസമയം ബൈജു എട്ട് ലക്ഷം രൂപയ്ക്ക് ചിത്രം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നാണ് നിര്‍മ്മാതാവ് എബ്രഹാം മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. "അത് ഇതിനകം പരിഹരിച്ച പ്രശ്‍നമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ കത്ത് കൊടുത്തിരുന്നു. എട്ട് ലക്ഷം രൂപയ്ക്കു തന്നെ ബൈജു സമ്മതിച്ചു", എബ്രഹാം മാത്യു പറഞ്ഞു.