ചലച്ചിത്ര താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. കഴിഞ്ഞ ദിവസം എറണാകുളം കുടുംബകോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഒദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയത്. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്. ഏഴു വയസുകാരിയായ ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായിട്ടുണ്ട്. നടന്‍ ബാല തന്റെ സുഹൃത്തുക്കള്‍ക്കും അമൃത കുടുംബത്തിനൊപ്പവുമാണ് കോടതിയിലെത്തിയത്. 

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന അമൃത, ഷോയില്‍ അതിഥിയായി എത്തിയ ശേഷമുള്ള പരിചയമായിരുന്നു ബാലയുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ഉദ്യോഗസ്ഥൻ പിആർ സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. 

ഏഷ്യാനെറ്റിലെ  സ്റ്റാർ സിംഗറിലൂടെയാണ് അമൃത ഗാനരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃതിയിപ്പോള്‍. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളിലും സജീവമാണ് അമൃത.  പുലിമുരുകനിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബാല ഇടയ്ക്ക്  സംവിധാന രംഗത്തേക്കും ചുവടുവച്ചു. മകളുടെ പിറന്നാളിനോടനുബന്ധിച്ച് ബാല പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു.