തനിക്ക് ഇടത്-വലത് രാഷ്ട്രീയ ചായ്‌വുകളില്ലെന്നും 'നേർ' ചായ്‌വ് മാത്രമാണുള്ളതെന്നും നടൻ ബാലചന്ദ്ര മേനോൻ. രാഷ്ട്രീയം പശ്ചാത്തലമാക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം 'പ്രതിഛായ' മാർച്ച് 26-ന് പുറത്തിറങ്ങും.

ലയാള സിനിമയിലെ സകലകാവല്ലഭൻ ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ. അത് ബാലചന്ദ്ര മേനോന്‍ എന്നാണ്. കഴിഞ്ഞ 50 വർഷമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം കൈകാര്യം ചെയ്യാത്ത മേഖലകളില്ല. നടൻ, ​ഗായകൻ, സംവിധായകൻ, രചയിതാവ്, സം​ഗീതം സംവിധായകൻ തുടങ്ങി എല്ലാം തന്നെ ബാലചന്ദ്ര മേനോൻ ഇതിനകം ചെയ്തു കഴിഞ്ഞു. നിലവിൽ രാഷ്ട്രീയം പശ്ചാത്തലമായി എത്തുന്ന പ്രതിഛായ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം മാർച്ച് 26ന് തിയറ്ററുകളിൽ എത്തും. തതവസരത്തിൽ തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറയുകയാണ് ബാലചന്ദ്ര മേനോൻ. കോളേജ് കാലഘട്ടത്തിൽ എസ്എഫ്ഐ സഹയാത്രികനായിരുന്നു അദ്ദേഹം.

"എനിക്ക് ഇടത് ചായ്‌വും ഇല്ല വലത് ചായ്‌വുമില്ല. നേർ ചായ്‌വ് മാത്രമെ ഉള്ളൂ. ഞാന്‍ എന്‍റെ വഴി. അതില്‍ ഞാന്‍ ആര്‍ക്കും പ്രശ്നമാവില്ല. ഞാനത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറയുന്നത് അടവാണ്. രാഷ്ട്രീയം നന്നായി കളിച്ചിട്ടാണ് ഞാന്‍ വേണ്ടെന്ന് വച്ചത്. ഞാന്‍ ഇൻക്വിലാബ് വിളിച്ചിട്ടില്ല. യൂണിവേഴ്സിറ്റി കോളേജില്‍ ചെയര്‍മാനായി മത്സരിക്കുമ്പോള്‍, എസ്എഫ്ഐ യൂണിറ്റ് ഇങ്ങോട്ട് വന്ന് റിക്വസ്റ്റ് ചെയ്യുകയാണ്. കാരണം ആ സമയത്ത് ഞാന്‍ വളരെ പോപ്പുലറായിരുന്നു. എന്നെ നിര്‍ത്തിയാല്‍ ജയിക്കുമെന്ന് ഉറപ്പാണ്. കാരണം ജനങ്ങളുടെ വോട്ട് ഞാന്‍ ആദ്യം ഉറപ്പാക്കിയിരുന്നു. ഞാന്‍ പറഞ്ഞു ചെയര്‍മാനായിട്ട് നില്‍ക്കാം. ഒരു കണ്ടീഷനുണ്ട്. എന്‍റെ പേരിന് മുന്നില്‍ സഖാവെന്ന് വയ്ക്കരുത്. പറ്റില്ലെന്ന് തന്നെ പറഞ്ഞു", എന്നാണ് ബാലചന്ദ്ര മേനോൻ പറഞ്ഞത്.

നിലവിലെ ജനാധിപത്യ രീതികളിൽ വിഷമമുണ്ടെന്നും ബാലചന്ദ്ര മേനോൻ പറയുന്നു "ഇപ്പോ ഇലക്ഷന്‍റെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കാണുന്നത്, ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ പോകുന്നു. കോണ്‍ഗ്രസില്‍ നിന്നും കമ്യൂണിസ്റ്റിലേക്ക് വരുന്നു എന്നതാണ്. എന്ത് എളുപ്പമാണ് രാഷ്ട്രീയം. ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയൊരു മൈനസ് പോയിന്‍റുണ്ട്. പത്തില്‍ ആറ് പേര് പറഞ്ഞാല്‍ അച്ഛന്‍റെ പേര് മാറ്റണം. എനിക്ക് സീറ്റ് മതിയെന്ന് പറയും. ഞാന്‍ ജീവിക്കുന്നത് ജനാധിപത്യത്തിന്‍റെ കീഴിലാണ്. അതിന്‍റെ വിധേയത്വവും ബഹുമാനവും ഒക്കെയുണ്ട്. പക്ഷേ ആ ജനാധിപത്യ രീതിയെ പോലും പുഴുക്കുത്താക്കി മാറ്റുന്ന ഒരു വൃത്തികെട്ട സാമൂഹിക അന്തരീക്ഷം ഇന്നുണ്ട്. അതില്‍ ഞാന്‍ ദുഃഖിതനുമാണ്", എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming