തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്വന്റി ട്വന്റിയുടെ ക്ഷണം നിരസിച്ചതായി നടി കൃഷ്ണപ്രഭ. വ്യക്തിപരമായി എൽഡിഎഫ് സർക്കാർ തുടരണമെന്ന് ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും സെലിബ്രിറ്റി മത്സരാർത്ഥികളുണ്ട്. ട്വന്റി ട്വന്റിയിൽ ആയിരുന്നു ഇവരിൽ ഏറെയും. ലക്ഷ്മിപ്രിയ, വീണ നായർ എന്നിവർക്ക് വോട്ടില്ലാത്തതിനാൽ മത്സരിക്കാനും സാധിച്ചിരുന്നില്ല. രമേഷ് പിഷാരടി, അഖിൽ മാരാർ, പ്രൊമി എന്നിവരാണ് സെലിബ്രിറ്റി മത്സരാർത്ഥികളായി നിലവിലുള്ളത്. ഇപ്പോഴിതാ തന്നെയും മത്സരിക്കാനായി ട്വന്റി ട്വിന്റി പാര്‍ട്ടി സമീപിച്ചിരുന്നുവെന്ന് പറയുകയാണ് നടി കൃഷ്ണപ്രഭ.

'ട്വന്റി ട്വിന്‍റിയില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാൻ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതോണ്ട് ഇല്ലെന്ന് പറഞ്ഞു. എന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നത്. ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവര് നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ', എന്നായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം.

എൽഡിഎഫ് തുടരണമെന്നാണ് ആ​ഗ്രഹമെന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്. "കലാകാരി എന്ന നിലയിൽ വ്യക്തിപരമായി ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. അവരെ പ്രൊമോട്ട് ചെയ്യാൻ വേണ്ടിയോ പിആറിന് വേണ്ടിയോ അല്ല പറയുന്നത്. കൊറോണയൊക്കെ വന്ന സമയത്ത് വീട്ടിൽ തന്നെ രണ്ട് കൊല്ലത്തോളം അടഞ്ഞിരുന്നില്ലേ. വ്യക്തിപരമായി അറിയാവുന്ന രണ്ട് സൗണ്ട് എഞ്ചിനിയേഴ്സ് ആ സമയത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതൊക്കെ കാരണം. അതിന് ശേഷം പരിപാരിടകളെല്ലാം കണ്ടക്ട് ചെയ്യുമെന്ന് അവൻ നമുക്ക് വാക്ക് തന്നു. അത് അക്ഷരംപ്രതി അവർ പാലിച്ചിട്ടുണ്ട്. എന്റെ കേരളം പോലുള്ള ഷോകൾ, ഞാൻ തന്നെ മൂന്ന്- നാല് ജില്ലകളിൽ ചെയ്തിട്ടുണ്ട്. ഇഷ്ടം പോലെ പ്രോ​ഗ്രാംസ് ഒക്കെ ഉണ്ടായി. ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്. കലാകാരന്മാർക്ക് ഒത്തിരി സപ്പോർട്ട് നൽകിയിരുന്നു", എന്ന് കൃഷ്ണപ്രഭ പറഞ്ഞു.

എൽഡിഎഫ് തന്നെ അധികാരണത്തിൽ വരണമെന്നാണോ എന്ന ചോദ്യത്തിന്, "ആര് വന്നാലും നമ്മൾ പണിയെടുക്കണം. എന്നാലും തുടരണം എന്ന് തന്നെയാണ് ആ​ഗ്രഹം", എന്നും നടി കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming