ത്യാഗം എന്നത് വെറും മണ്ടത്തരമാണ്.

മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്‍മി. 258ലേറെ അഭിനേത്രികൾക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്‍മി, അഭിനേതാവായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലുമായും സജീവമാണ് താരം. മക്കൾക്ക് വേണ്ടി എല്ലാം ത്യജിക്കുന്നവരോട് തനിക്ക് പറയാനുള്ള കാര്യമാണ് ഭാഗ്യലക്ഷ്മി പുതിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.

''മക്കൾ സ്വാർത്ഥരാണ് ഞാനുൾപ്പെടെ എന്ന് മകൻ പറഞ്ഞിട്ടുണ്ട്. എന്റെ രണ്ട് മക്കളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് യാത്ര ചെയ്യുന്നവരാണ്. അവരെന്നെ കൊണ്ട് പോകുന്നൊന്നും ഇല്ല. അവരെന്തിനാണ് എന്നെ കൊണ്ട് പോകുന്നത്. ഞാൻ പോകും. എനിക്ക് പോകണമെന്ന് തോന്നുന്ന സ്ഥലത്ത് ഞാൻ പോകും. അവർ എന്നോടൊപ്പം ജീവിക്കുന്നില്ല എന്നത് കൊണ്ട് എനിക്കവരുടെ അനുവാദത്തിന്റെ ആവശ്യമില്ല. ദൂരെയാണെങ്കിൽ മക്കളേ കുറച്ച് ദിവസം ഞാനിവിടെ ഉണ്ടാകില്ലെന്ന് പറഞ്ഞ് പോകും. മക്കളോട് പറയാത്തതായി എന്റെ ജീവിതത്തിൽ ഒന്നുമില്ല. എന്റെ മക്കൾക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം. പക്ഷേ, എന്റെ ഒരു സ്വാതന്ത്ര്യവും ഞാനവർക്ക് വിട്ട് കൊടുക്കില്ല. ഒരു സന്തോഷവും ഞാനവരുടെ കാൽക്കീഴിൽ കൊണ്ട് വെക്കില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ത്യാഗം എന്നത് വെറും മണ്ടത്തരമാണ്. ചെയ്തിട്ട് കുറേക്കഴിഞ്ഞ് പിന്നെ നമ്മൾ തന്നെ സങ്കടപ്പെടും. വീട് ഭർത്താവിന്റെ പേരിൽ വെച്ചത് ക്രെഡിറ്റായി പറയേണ്ട, അത് അമ്മയുടെ മണ്ടത്തരമാണെന്ന് മോൻ എന്നോട് പറഞ്ഞിട്ടുണ്ട്. മരിച്ച് കഴിയുമ്പോൾ കിട്ടുന്ന തുകയ്ക്കുള്ള ഇൻഷുറൻസിനോട് എനിക്കൊരു യോജിപ്പുമില്ല. ഞാനെന്തിനാണ് ഞാൻ മരിച്ച് പോയിട്ട് അവർക്ക് കോടികൾ കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്നത്. ആ ഇൻഷുറൻസ് അടയ്ക്കുന്ന പെെസയെടുത്ത് ഞാനെന്റെ സന്തോഷം കണ്ടെത്തിക്കോളാം. മെഡിക്കൽ ഇൻഷുറൻസിനും ദെെനം ദിന ചെലവുകൾക്കും ഞാൻ പെെസ മാറ്റി വെക്കും. എന്റെ വസ്ത്രത്തിനും യാത്രകൾക്കും വേണ്ടി മാറ്റി വെക്കും'', ഭാഗ്യലക്ഷ്മീ വീഡിയോയിൽ പറഞ്ഞു.