ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിരിക്കുന്നു. 

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഭാവനയുടെ (Bhavana) വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന് (Naveen) ആശംസകളുമായി ഭാവന രംഗത്ത് എത്തിയിരിക്കുകയാണ്. നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ഒരു ക്യാപ്ഷനോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്റേത് എന്നും ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി ഭാവന എഴുതിയിരിക്കുന്നു. 'ഭജ്രംഗി 2' എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 

View post on Instagram

'ഭജ്രംഗി 2' എന്ന ചിത്രത്തിന് മുമ്പ് ഭാവനയുടേതായി പ്രദര്‍ശനത്തിയ 'ഇൻസ്‍പെക്ടര്‍ വിക്രമും' വൻ വിജയമായി മാറിയിരുന്നു. ശ്രീ നരസിംഹ സംവിധാനം ചെയ്‍ത 'ഇൻസ്‍പെക്ടര്‍ വിക്ര'മില്‍ പ്രജ്വല്‍ ദേവ്‍രാജായിരുന്നു നായകൻ. മിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് ഭാവന. 'ചിത്തിരം പേശുതടി' എന്ന ചിത്രത്തിലൂടെ തമിഴിലും 'ഒൻടറി'യിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവനയ്‍ക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്‍ത് ചിത്രം 'ദൈവനാമ'ത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവായ നവീനും തമ്മില്‍ 2018ലായിരുന്നു വിവാഹം. ശേഷം ബാംഗ്ലൂരിലാണ് താമസം.