Asianet News MalayalamAsianet News Malayalam

Thirimali Movie : ചിരിമാലയുമായി 'തിരിമാലി' വരുന്നു ; ശ്രദ്ധനേടി രണ്ടാമത്തെ പോസ്റ്റർ

നായകന്റെ അച്ഛൻ വേഷത്തിലൂടെ ഇന്നസെന്റിന്റെ ശക്തമായ തിരിച്ചു വരവു കൂടിയാകും തിരമാലി.

actor bibin george movie Thirimali second poster
Author
Kochi, First Published Dec 26, 2021, 8:33 PM IST
  • Facebook
  • Twitter
  • Whatsapp

ലയാളിയെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ 'യോദ്ധാ'. കേരളവും നേപ്പാളും പശ്ചാത്തലമായ ചിത്രം മുപ്പതുവർഷമെത്തുമ്പോൾ സമാനതകളുമായി ഒരു മലയാള സിനിമ റിലീസിനൊരുങ്ങുന്നു. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന 'തിരിമാലി'(Thirimali) ആണ് ആ ചിത്രം. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. 

ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിൻ ജോർജ് എത്തുന്നത്. കൂട്ടുകാരനായി എത്തുന്നത് ധർമ്മജനും. നാട്ടിലെ പലിശക്കാരൻ അലക്സാണ്ടറായി എത്തുന്നത് ജോണി ആന്റണിയാണ്. നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ മൂവർക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്ന് തിരക്കഥാകൃത്ത് സേവ്യർ അലക്സ് പറയുന്നു. നായകന്റെ അച്ഛൻ വേഷത്തിലൂടെ ഇന്നസെന്റിന്റെ ശക്തമായ തിരിച്ചു വരവു കൂടിയാകും തിരമാലി.

സലിംകുമാറും ഹരീഷ് കാണാരനും സുപ്രധാന വേഷങ്ങളിലുണ്ട്. റാഫി, ഷാഫി തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചാളാണ് തിരിമാലിയുടെ സംവിധായകൻ രാജീവ് ഷെട്ടി.  അന്ന രേഷ്മ രാജൻ ആണ് നായിക. അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. 

actor bibin george movie Thirimali second poster

നേപ്പാളി സിനിമയിലെ സൂപ്പർ നായിക സ്വസ്തിമാ കട്കയും ചിത്രത്തിലുണ്ട്. ലവ് ലവ് ലവ്, ചാക്ക പഞ്ച 2, ബുൾബുൾ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി. ഓസ്കർ എൻട്രിയായി നേപ്പാളി സിനിമയിൽ നിന്ന് പരിഗണിക്കപ്പെട്ട ചിത്രമാണ് ബുൾബുൾ. ആരാധകരേറെയുള്ള സ്വസ്തിമാ തിരിമാലിയിലെ ഒരു ഗാനരംഗത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. യുവനടൻ ഉമേഷ് തമാങ് ആണ് മലയാളത്തിൽ എത്തുന്ന മറ്റൊരു താരം. നേപ്പാളി സിനിമകളിൽ സ്വഭാവ വേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മാവോത്‌സെ ഗുരുങ്ങും തിരിമാലിയിൽ ഉണ്ട്. 

നാലു പാട്ടുകളുമായാണ് തിരിമാലി വരുന്നത്. നിവിൻ പോളി - നസ്രിയ ടീമിന്റെ നെഞ്ചോട് ചേർത്ത് എന്ന പാട്ടിലൂടെ ചുവടുറപ്പിച്ച ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകൾക്ക് ഈണം പകർന്നത്. ശിക്കാരി ശംഭുവിലേയും മധുരനാരങ്ങയിലെയും സൂപ്പർ ഹിറ്റ് ഗാനങ്ങളും ശ്രീജിത്തിന്റേതായിരുന്നു. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് ഈ പാട്ടിന്റെ സംഗീത സംവിധായകൻ. ടൈറ്റിൽ ഗാനം തിരിമാലിയിലെ പ്രധാന അഭിനേതാക്കളായ ബിബിനും ധർമ്മജനും ജോണി ആന്റണിയും ചേർന്ന് പാടുന്നു എന്ന കൗതുകമുണ്ട്.

ഹിമാലയൻ താഴ് വരയിലെ ലുക്ളയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിർണായകരംഗങ്ങൾ ചിത്രീകരിച്ചത്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കാരണം അതീവ ജാഗ്രതയോടെയായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ രാജീവ് ഷെട്ടി പറഞ്ഞു. കാഠ്മണ്ഡു ആയിരുന്നു മറ്റൊരു ലൊക്കേഷൻ. രണ്ടാംഘട്ട ചിത്രീകരണം മണാലിയിലായിരുന്നു. സ്പിത്തി വാലിയിലും പരിസരങ്ങളിലും കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. 

എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ ലോറൻസ് ശിക്കാരി ശംഭുവിനുശേഷം നിർമിക്കുന്ന സിനിമയാണ് തിരിമാലി. കഥ ആവശ്യപ്പെടുന്ന ഒറിജിനൽ ലൊക്കേഷനുകളിൽ തന്നെ സിനിമ ചിത്രീകരിക്കാനായത് പ്രേക്ഷകർക്ക് പുതിയ അനുഭവം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറ ഫൈസൽ അലിയും എഡിറ്റിങ് വി.സാജനും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഷാദ് കാസർകോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല. സംസ്ഥാന പുരസ്കാരം നേടിയ ലിജു പ്രഭാകർ ( കളറിസ്റ്റ് ) , അജിത്ത് എം. ജോർജ് (മിക്സിങ് ) എന്നിവരും തിരിമാലിയുടെ അണിയറയിലുണ്ട്. കലാസംവിധാനം അഖിൽ രാജ് ചിറയിലും വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്നും നിർവഹിക്കുന്നു. മേക്കപ്പ് - റോണക്സ് സേവ്യർ . പി.ആർ.ഒ - വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ഷാജാസ് അബാസ് . പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്, മനു ഡാവിഞ്ചി.

Follow Us:
Download App:
  • android
  • ios