കോട്ടയ്ക്കല്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജനങ്ങളിൽ ബോധവത്ക്കരണം നടത്താൻ നിരവധി വഴികളാണ് ആരോ​ഗ്യ പ്രവർത്തകും മറ്റും പിന്തുടരുന്നത്. ഇതിനോടകം തന്നെ ഓട്ടേറെ വീഡിയോകൾ പുറത്തുവന്നുകഴിഞ്ഞു. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് യുവ നടന്‍ ചാള്‍സ് രാവൺ ബേബിയുടെ ബോധവത്ക്കരണ വീഡിയോകൾ.

കൈ കഴുകുമ്പോള്‍ വെള്ളം പാഴാക്കാതെ നോക്കേണ്ടതും പ്രധാനമാണെന്ന്  ഓര്‍മിപ്പിക്കുന്ന ചാള്‍സ് തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 20 സെക്കൻഡ് നേരം കൈ കഴുകുമ്പോൾ അത്രയും നേരം ടാപ്പ് തുറന്നിടണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതിലൂടെ വേനലിന്‍റെ കരുതലും പ്രധാന സന്ദേശമാവുകയാണ് ഈ വീഡിയോയില്‍. ചാൾസിന്‍റെ മുമ്പ് ഇറങ്ങിയ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ഒലിപ്രംകടവ് സ്വദേശിയായ ചാള്‍സിനൊപ്പം നാട്ടിലെ പഴയകാല നാടക നടന്‍ സുബ്രഹ്മണ്യനാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് റോഡിലിറങ്ങുന്നവരെ ട്രോളുന്നതും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പത്രങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെ താക്കീത് ചെയ്തുകൊണ്ടുള്ളതുമാണ് ചാൾസിന്റെ മറ്റ് വീഡിയോകൾ. 

നടി മഞ്ജു വാര്യര്‍, സംവിധായകന്‍ ലാല്‍ ജോസ് തുടങ്ങിയവര്‍ അടക്കം നിരവദി പേരാണ് ചാൾസിന്റെ വീഡിയോകള്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. എബി, ഒടിയന്‍, വെയില്‍ തുടഹ്ങിയ സിനിമകളില്‍ ചാൾസ് അഭിനയിച്ചിട്ടുണ്ട്. തന്‍റെ നാലാമത്തെ വീഡിയോ തയ്യാറായെങ്കിലും പ്രകാശനത്തിന് കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ സമയത്തിനായി കാത്തിരിക്കുകയാണ് ഈ യുവ കലാകാരന്‍.