'ഒരു ലോക്കൽ സൂപ്പർ ഹീറോ' എന്നാണ് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാ​ഗ് ലൈൻ.  

ദിലീപ് നായകനായി എത്തുന്ന 'പറക്കും പപ്പന്റെ' പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും. 'ഒരു ലോക്കൽ സൂപ്പർ ഹീറോ' എന്നാണ് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാ​ഗ് ലൈൻ. 

2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്‍. 

നേരത്തെ രാമചന്ദ്രന്‍ ബാബുവിന്‍റെ പ്രഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും ദിലീപിന്‍റേതായി പ്രഖ്യാപിച്ചിരുന്നു. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്‍ ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ തുടര്‍ അപ്ഡേറ്റുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

അതേസമയം, അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒപ്പം ശരത് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നു. ദിലീപിന്റെ കരിയറിലെ 147-ാം സിനിമ കൂടിയാണിത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. 

വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്‍റേതായി റിലീസിനൊരുങ്ങുന്നത്. റാഫിയാണ് സംവിധായകന്‍. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം.