ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥൻ'(voice of sathyanathan). പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും(Dileep) റാഫിയും(Rafi) ഒന്നിക്കുന്നുവെന്നതായിരുന്നു അതിന് കാരണം. ഹിറ്റ് കോംമ്പോ വീണ്ടും സ്ക്രീനിലെത്തുമ്പോൾ ചിരിയുടെ പൂരമാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാധുഷയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഒരിടവേളയ്ക്കു ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ട് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു', എന്നാണ് ക്ലാപ് ബോർഡ‍് പങ്കുവച്ച് ബാധുഷ കുറിച്ചത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.
'ഏതൊരു ഇന്ത്യക്കാരനും ഈ മോൺസ്റ്ററിനെ കുറിച്ച് അഭിമാനിക്കാം'; ഐഎൻഎസ് വിക്രാന്തിലെത്തിയ മേജർ രവി
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ദിലീപും ജോജു ജോർജും ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തിരുന്നത്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ്.
