കൊച്ചി: അന്തരിച്ച സംവിധായകൻ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ എന്ന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ദിലീപ് നായക വേഷത്തിൽ എത്തിയ രാമലീല അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.

'പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ
എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു,
എന്ത്‌ പറയാൻ...
ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ'
എന്ന് ദിലീപ് കുറിച്ചു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. നാളെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്‍മശാനത്തില്‍ സംസ്‍ക്കരിക്കും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.