ആര്‍ ബല്‍കി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രം 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്', എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. സസ്പെൻസും നി​ഗൂഢതയും നിറച്ചാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ദുൽഖറിന്റെ മറ്റൊരു കരിയർ ബെസ്റ്റാകും ഛുപ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആര്‍ ബല്‍കി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 23 ന് ഛുപ് തിയറ്ററുകളില്‍ എത്തും. 

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഛുപ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്. 

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

ദുല്‍ഖര്‍ ഇനി ബോളിവുഡിന്‍റെ സ്ക്രീനില്‍; 'ഛുപ്' റിലീസ് തീയതി പ്രഖ്യാപിച്ചു

ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. സീതാ രാമം എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ ആയിരുന്നു ചിത്രത്തിന്‍റെ ഹിന്ദി റിലീസ് ചെയ്തത്.