ജൂലൈ 24ന് ഹരി ഹര വീര മല്ലു തിയറ്ററുകളിലേക്ക് എത്തും.
ചുരുങ്ങിയ വർഷം കൊണ്ട് തന്നെ നിർമാണ രംഗത്തും വിതരണ രംഗത്തും നിറ സാന്നിധ്യമാകാൻ സാധിച്ച കമ്പനിയാണ് ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇതര ഭാഷാ സിനിമകൾ കേരളത്തിൽ എത്തിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വെഫേറർ ഒരു തെലുങ്ക് സിനിമ കൂടി മലയാളികൾക്ക് മുന്നിൽ എത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ. പവൻ കല്യാണ്‍ നായകനായി എത്തുന്ന 'ഹരി ഹര വീര മല്ലു' ആണ് ആ ചിത്രം.
ജൂലൈ 24നാണ് ഹരി ഹര വീര മല്ലു തിയറ്ററുകളിലേക്ക് എത്തുക. നേരത്തെ ജൂണ്‍ 12ന് ആയിരുന്നു റിലീസ് പ്രഖ്യാപിച്ചത്. പിന്നീടത് മാറ്റുകയായിരുന്നു. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് നിക്ക് പവല്‍ ആണ്.
എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റിപ്പോർട്ടുകൾ പ്രകാരം 250 കോടിയാണ് സിനിമയുടെ ബജറ്റ്.
കുബേരയാണ് ദുൽഖർ കേരളത്തിലെത്തിച്ച മറ്റൊരു ചിത്രം. രണ്ട് ദിവസം മുൻപ് ആയിരുന്നു സിനിമയുടെ റിലീസ്. ധനുഷ് നായകനായി എത്തിയ ചിത്രത്തിന് മികച്ച കളക്ഷനും ബുക്കിങ്ങും നടക്കുന്നുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. നാഗാർജുന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. നേരത്തെ നാനി നായകനായി എത്തിയ ഹിറ്റ് 3യും കേരളത്തിൽ എത്തിച്ചത് ദുൽഖർ ആയിരുന്നു.



