ദൃശ്യം 3 ഒക്ടോബർ മുതൽ ആരംഭിക്കും.
കഴിഞ്ഞ കുറേ വർഷമായി മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിന്റെ ബിഗ് അപ്ഡേറ്റ് എത്തി. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും ഒടുവിൽ മലയാളത്തിന്റെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. ദൃശ്യം 3ന്‍റെ ചിത്രീകരണം ഒക്ടോബർ മുതൽ ആരംഭിക്കും. ഔദ്യോഗിക വിവരം പങ്കുവച്ചു കൊണ്ടുള്ള വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
നാല് വര്‍ഷത്തോളം നീണ്ടും നിന്ന കാത്തിരിപ്പിന് വിരാമമായ സന്തോഷത്തിലാണ് മോഹന്‍ലാല്‍ ആരാധകരിപ്പോള്‍. 'ജോർജ്ജ്കുട്ടിയും ഫാമിലിയും മൂന്നാമതും തുടരും, ക്ലാസിക് ക്രിമിനല്‍ കംബാക്ക്, 2026ഉം ലാലേട്ടന്‍ ഇങ്ങെടുക്കുവാ', എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
2013 ഡിസംബറില്‍ ആയിരുന്നു ദൃശ്യം റിലീസ് ചെയ്യുന്നത്. കുടുംബത്തിനായി ഏതറ്റവരെയും പോകാന്‍ കച്ചകെട്ടിയിറങ്ങിയ നാലാം ക്ലാസുകാരനായ ജോര്‍ജു കുട്ടിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ പിറന്നത് മലയാള സിനിമയിലെ ഏറ്റവും മികച്ച ഫാമിലി ത്രില്ലര്‍. മലയാളത്തില്‍ മാത്രമല്ല ഇതര രാജ്യങ്ങളിലും ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു.
മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ ദൃശ്യം വലിയൊരു പങ്കുതന്നെ വഹിച്ചു. അതുകൊണ്ട് തന്നെ ദൃശ്യം 2ന്‍റെ വരവിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരുന്നു. ഒടുവില്‍ എട്ട് വര്‍ഷത്തിനിപ്പുറം ദൃശ്യം 2വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വരുണിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് അന്ത്യമാകുന്ന തരത്തിലായിരുന്നു ദൃശ്യം 2 പറഞ്ഞു നിര്‍ത്തിയത്. എന്നാല്‍ അവിടം കൊണ്ടും കഥ തീര്‍ന്നില്ല. ദൃശ്യം 3യ്ക്കായി പ്രേക്ഷകര്‍ വീണ്ടും കാത്തിരുന്നു. സംവിധായകന്‍ ജീത്തു ജോസഫിനോട് എപ്പോഴും അപ്ഡേറ്റ് ചോദിച്ചു കൊണ്ടേയിരുന്നു. ആ ചോദ്യങ്ങള്‍ക്കാണ് ഇന്ന് വിരാമമായിരിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്ത്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ ദൃശ്യത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ മുരളി ഗോപി അടക്കമുള്ളവരും വന്നു. മൂന്നാം ഭാഗത്തിൽ ആരൊക്കെയാകും അഭിനേതാക്കള്‍ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുക. അതേസമയം, ദൃശ്യം 3യുടെ ഹിന്ദി റീമേക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അജയ് ദേവ്ഗണ്‍ തന്നെയാണ് മൂന്നാം ഭാഗത്തിലും നായകന്‍.

